മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയുമായി ഹ്യുണ്ടായ്‌യുടെ പുത്തൻ തലമുറ വെർണ എത്തുന്നു. അടുത്ത വർഷം അവസാനത്തോടെയായിരിക്കും പുതിയ ഹൈബ്രിഡ് സാങ്കേതികതയുമായി വെര്‍ണ വിപണിയിലെത്തുക. മൈൽഡ് ഹൈബ്രിഡ് ഉൾപ്പെടുത്തിയിട്ടുള്ള പുതിയ വെർണയ്ക്ക് മികച്ച ഇന്ധനക്ഷമതയാണ് ഉണ്ടായിരിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
ബ്രേക്ക് ചെയ്യുന്നതുമൂലമുണ്ടാകുന്ന ഊർജ്ജത്തെ വൈദ്യുതോർജ്ജമാക്കി ബാറ്ററിയിൽ സൂക്ഷിച്ചുവയ്ക്കുന്ന റീജെനറേറ്റീവ് ബ്രേക്കിംഗ് ടെക്നോളജിയുമായാണ് പുതിയ വെർണ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി ബ്രേക്കിംഗ് മൂലമുണ്ടാകുന്ന ഊർജ്ജം ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററുമായിട്ടായിരിക്കും ബാറ്ററിയെ ബന്ധിപ്പിക്കുക.
സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ക്ഷമതയും വലുപ്പവുമുള്ള ബാറ്ററി എന്നീ സവിശേഷതകളും ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ അടങ്ങിയിട്ടുണ്ട്. പുതിയ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തി മാരുതി സിയാസ് രംഗത്തെത്തിയിട്ടുണ്ട്. മാരുതിയില്‍ നിന്നുള്ള കടുത്ത മത്സരങ്ങൾ നേരിടേണ്ടിവന്നതാണ് ഇത്തരമൊരു മാറ്റത്തിനു കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.