സ്വര്‍ണം പവന്‌ 240 രൂപ കൂടി

Webdunia
വെള്ളി, 12 ജൂലൈ 2013 (09:01 IST)
PRO
PRO
സ്വര്‍ണ വില കൂടി. സ്വര്‍ണ വില പവന്‌ 240 രൂപ കൂടി 19840 രൂപയിലെത്തി. ഗ്രാമിന്‌ 30 രൂപയുടെ വര്‍ധനയോടെ 2480 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതാണ് ഇവിടെയും വില വര്‍ദ്ധിക്കാന്‍ കാരണം.

പണപ്പെരുപ്പത്തിനെതിരേ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. സ്വര്‍ണ നാണയങ്ങള്‍ക്കും ബാറുകള്‍ക്കും ദൗര്‍ലഭ്യം അനുഭവപ്പെടുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

ജ്വല്ലറികള്‍ സംസ്ഥാനത്ത്‌ സ്വര്‍ണ നാണയങ്ങളുടെയും സ്വര്‍ണ കട്ടികളുടെയും വില്‍പന നിര്‍ത്തിയെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വില്പന നിര്‍ത്തിയിട്ടില്ലെന്ന് ഓ‍ള്‍ കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം തങ്കത്തിന്റെ ലഭ്യതയില്‍ കുറവു വന്നിട്ടുണ്ടെന്ന് അസോസിയേഷന്‍ പറഞ്ഞു‌. കേരളത്തിലെ മൊത്തം ഉപയോഗത്തിന്റെ 7-8 ശതമാനം നാണയങ്ങളും കട്ടികളുമാണ്‌.