മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സ്വന്തം പേരില്‍ 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികയണമെങ്കില്‍ ഇനി ഒരു സെഞ്ച്വറി കൂടി ആവശ്യമാണ്. എന്നാല്‍, ഇതൊന്നും കൊക്കക്കോളയെ ബാധിക്കില്ല. അവര്‍ സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് വേണ്ടി ആഘോഷം തുടങ്ങാന്‍ ഇപ്പോഴേ തീരുമാനിച്ചു.
സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിക്ക് ആശംസകള്‍ അറിയിച്ച് കോക്ക് 65 ലക്ഷം ക്യാനുകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ചിത്രം അച്ചടിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങുന്ന ‘സച്ചിന്‍ ക്യാനുകളില്‍’ സച്ചിന്റെ തെരഞ്ഞെടുത്ത 10 സെഞ്ച്വറികളെ കുറിച്ചുള്ള വിശദാംശങ്ങളും രേഖപ്പെടുത്തും.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂലൈ 21 ന് ആണ് ആരംഭിക്കുന്നത്. ഇതില്‍ നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണുള്ളത്. ഇംഗ്ലണ്ടില്‍ വച്ച് സച്ചിന്‍ സെഞ്ച്വറികളുടെ സെന്‍ച്വറി തികയ്ക്കും എന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുമ്പോഴാണ് കോക്കും അവസരത്തിനൊത്ത് ഉയരുന്നത്.
സച്ചിന്‍ എപ്പോള്‍ നൂറാം സെഞ്ച്വറി നേടുന്നോ, ആ അവസരത്തില്‍ സച്ചിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ എട്ട് ലക്ഷം ക്യാനുകള്‍ പ്രത്യേകമായി പുറത്തിറക്കുമെന്നും കൊക്കക്കോള അധികൃതര്‍ പറയുന്നു.