ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യില്‍ നിന്നുള്ള ബിരുദധാരികളുടെ ശമ്പളത്തില്‍ അഞ്ച് ശതമാനം ഇടിവ്. അതേസമയം, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി)യിലെ ബിരുദധാരികളുടെ ശമ്പളത്തില്‍ ആറ് ശതമാനം വര്‍ധനയുണ്ടായി. 2009ല്‍ ഐഐടിയില്‍ നിന്നുള്ളവര്‍ക്ക് ശരാശരി 5.88 ലക്ഷം രൂപയും, എന്‍ഐടിയില്‍ നിന്നുള്‍ലവര്‍ക്ക് 4.36 ലക്ഷം രൂപയുമാണ് ലഭിച്ചത്.
ശമ്പളത്തില്‍ ആറ് ശതമാനം വര്‍ധനയുണ്ടായിട്ടും എന്‍ഐടിയില്‍ നിന്നുള്ളവര്‍ ഐഐടിക്കാരോടൊപ്പം എത്തിയിട്ടില്ല. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഐഐടി ബിരുദധാരികളെ ബാധിച്ചത്. അഞ്ചാമത് ഐഡിസി ഡാറ്റക്വസ്റ്റ് സര്‍വേയിലാണ് ശമ്പളത്തിലെ വ്യത്യാസം വ്യക്തമായത്. ഐഐടിയില്‍ നിന്നുള്ളവര്‍ ജോലിയേക്കാള്‍ കൂടുതല്‍ ഉന്നത പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ശമ്പളം ഇടിയാന്‍ കാരണമായെന്ന് സര്‍വേ ചൂണ്ടിക്കാട്ടി.
നേതാജി സുഭാഷ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള എഞ്ജിനീയറിംഗ് ബിരുദധാരിയാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി. പ്രതിവര്‍ഷം 45 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ ശമ്പളം. മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ എഞ്ജിനീയറിംഗ് ബിരുദധാരികളുടെ ശരാശരി ശമ്പളം മൂന്നര ലക്ഷം രൂപയായതായും സര്‍വേയില്‍ പറയുന്നു.