വിദേശ നിക്ഷേപ നിയമത്തില്‍ ഇളവ് വരുത്തി

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (11:39 IST)
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. കേന്ദ്ര മന്ത്രി സഭയുടെ ധനകാര്യ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.

വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലെ സംയുക്ത സംരഭങ്ങളില്‍ ഓഹരി പങ്കാളിത്തം കൂട്ടുന്നതിനും രാജ്യത്തെ വിദേശ നിക്ഷേപം കൂട്ടുന്നതിനും ഇതിലൂടെ സാധിക്കും. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സംയുക്ത സംരഭങ്ങള്‍ വഴി നടത്തുന്ന വിദേശ നിക്ഷേപത്തിന് ഇനി ഉയര്‍ന്ന പരിധി ഉണ്ടാവില്ല. അതേസമയം വിദേശ നിക്ഷേപ പ്രോല്‍‌സാഹന ബോര്‍ഡിന്‍റെ അനുമതിയോട് കൂടി മാത്രമേ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കുകയുള്ളൂ‍.

പരോക്ഷ വിദേശ നിക്ഷേപം, വിദേശ നിക്ഷേപത്തിന്‍റെ പരിധി കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തുകയില്ല. അതിനാല്‍ നിലവിലെ 74 ശതമാനം പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ വിദേശ കമ്പനികള്‍ക്ക് സാധിക്കും. നിയമം കൂടുതല്‍ സുതാര്യവും ലളിതവുമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്‍ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു.