വിദേശനിക്ഷേപ നടപടികള്‍ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍

Webdunia
വ്യാഴം, 18 ജൂലൈ 2013 (09:26 IST)
PRO
PRO
വിദേശനിക്ഷേപത്തിന് കൂടുതല്‍ സുതാര്യമായ നടപടികള്‍ കൊണ്ടുവന്നത് സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപത്തോതില്‍ ഈ വര്‍ഷമുണ്ടായ വര്‍ധനവും കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങളും നയവ്യതിയാനങ്ങളും സര്‍ക്കാര്‍ കൊണ്ടു വന്നത്.

മുന്‍വര്‍ഷത്തെക്കാള്‍ 25% കൂടുതല്‍ നിക്ഷേപം ഇത്തവണ ലഭിച്ചു കഴിഞ്ഞതായി വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു. 3680 കോടി ഡോളറാണ് കഴിഞ്ഞവര്‍ഷം രാജ്യത്തെത്തിയത്‌. 2011-12 ല്‍ ഇതു 4650 കോടിയായിരുന്നു.

എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനവര്‍ഷമായ 2004ല്‍ വിദേശ നിക്ഷേപം 430 കോടി ഡോളര്‍ മാത്രമാണ്‌ ലഭിച്ചത്‌. എന്‍ഡിഎ ഭരണത്തിന്റെ ഒടുവിലത്തെ നാലു വര്‍ഷം (2000- 2004) 1940 കോടി ഡോളര്‍ ലഭിച്ചപ്പോള്‍ യുപിഎയുടെ ഒന്‍പതു വര്‍ഷത്തെ നേട്ടം 27,720 കോടി ഡോളറാണ്‌.

പല മേഖലകളിലും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം സ്വീകരിക്കാനാവുമെന്ന നയമാറ്റമാണ് നിര്‍ണായകം. നേരത്തെ മിക്കവാറും മേഖലകളിലും വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി കൂടാതെ നിക്ഷേപം സ്വീകരിക്കാനാവുമായിരുന്നില്ല.