രാജ്യത്തെ ബാങ്കിംഗ് വിപണിയുടെ ചുക്കാന്‍ പിടിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവിലെ പണപ്പെരുപ്പ നിരക്ക് ഇനിയും വര്‍ദ്ധിച്ചേക്കും എന്ന സൂചനയാണ് ആര്‍.ബി.ഐ യെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചേക്കുമെന്ന് കരുതാന്‍ കാരണം.
ഹ്രസ്വകാല വായ്പകള്‍ക്കുള്ള പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചേക്കാന്‍ സാധ്യതയുള്ളത്. 25 അടിസ്ഥാന സൂചിക നിരക്കിലായിരിക്കും വര്‍ദ്ധനയുണ്ടാവുക എന്ന് കരുതുന്നു. 2008 ജൂലൈയിലെ ബാങ്ക് നയം വ്യക്തമാക്കുന്ന വേളയില്‍ പലിശ നിരക്ക് വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതുന്നു.
നിലവിലെ പണപ്പെരുപ്പ നിരക്ക് 8.75 ശതമാനമാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. വരുന്ന ആഴ്ചയില്‍ ആര്‍.ബി.ഐയുടെ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപനം കാത്തിരിക്കുകയാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കൊപ്പം സര്‍ക്കാരും.
വിലക്കയറ്റം നിയന്ത്രിക്കാനായി സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇവയൊന്നും ഇതുവരെ ഫലപ്രദമായി കണ്ടിട്ടില്ല എന്നതാണ് പ്രധാന പ്രശ്നമായിരിക്കുന്നത്. ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതില്‍ കുറവുണ്ടായാല്‍ മാത്രമേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറക്കുമതി എണ്ണയില്‍ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ രക്ഷയ്ക്ക് വകയുള്ളു.
അതേ സമയം ആഗോള എണ്ണ ഉല്‍പ്പാദനത്തിലെ പ്രമുഖ ക്രൂഡോയില്‍ ഉല്‍പ്പാദകരായ സൌദി അറേബ്യ പ്രതിദിനം 2 ലക്ഷം വീപ്പ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതിന് ജൂലൈ വരെ കാത്തിരിക്കേണ്ടിവരും. എങ്കിലും ജൂലൈയോടെ വിപണിയില്‍ എണ്ണ വരവ് വര്‍ദ്ധിക്കും എന്നതിനാല്‍ വില ജൂലൈയിലെങ്കിലും നിയന്ത്രണത്തില്‍ ആവുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നത്.