വാതകതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2009 (13:15 IST)
അംബാനി സഹോദരന്‍‌മാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും എന്നാല്‍ ഒരു സമവായം ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിനൊപ്പം റഷ്യയിലെത്തിയ ദേവ്‌റ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അംബാനി സഹോദരന്‍‌മാര്‍ തര്‍ക്കം അവസാനിപ്പിക്കണമെന്നും പരസ്പരം സഹകരിച്ച് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി പരിശ്രമിക്കണമെന്നും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ച കാര്യവും ദേവ്‌റ ചൂണ്ടിക്കാട്ടി. രാജ്യത്തെ 4,000 കമ്പനികളുടെ മൊത്തം വിപണി മൂലധനത്തിന്‍റെ ഏതാണ്ട് പത്ത് ശതമാനവും രണ്ട് അംബാനി ഗ്രൂപ്പുകളുടേതുമായാണ്.

വാതകതര്‍ക്കത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭേതഗതി വരുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതിനാലാണ് ഈ നടപടിയെന്ന് ദേവ്‌റ പറഞ്ഞു. വാതക വിതരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയമിക്കുമെന്നും ദേവ്‌റ പറഞ്ഞു.