ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണംതട്ടുന്ന സംഘം പിടിയില്‍

Webdunia
ഞായര്‍, 7 ജൂലൈ 2013 (17:12 IST)
PRO
ലോട്ടറി ടിക്കറ്റിന്റെ നമ്പറില്‍ തിരുത്തല്‍ വരുത്തി കബളിപ്പിച്ച്‌ പണം തട്ടിയെടുക്കുന്ന സംഘം പിടിയിലായി. എറണാകുളം അമ്പലമേട്‌ പെരിങ്ങാല പടാക്കുളം വീട്ടില്‍ ഹസന്റെ മകന്‍ അബുലൈസ്‌(43), മാനന്തവാടി തവിഞ്ഞാല്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജയിംസ് എന്ന ജയ്സണ്‍ (37), പാലക്കാട്‌ ഒറ്റപ്പാലം ആര്‍എസ്‌ റോഡില്‍ കണ്ണാടിക്കല്‍ എളേടത്ത്‌ വീട്ടില്‍ മുഹമ്മദ്‌ അഷ്‌റഫ്‌ എന്ന കാട്ടു അഷ്‌റഫ്‌ എന്നിവരാണ്‌ പോലീസിന്റെ പിടിയിലായത്‌.

ഇന്റര്‍നെറ്റ്‌ കഫെയില്‍ നിന്നും ഫലത്തിന്റെ പ്രിന്റ്‌ ഔട്ട്‌ എടുത്ത്‌ അതില്‍ നോക്കി തങ്ങളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റില്‍ സമ്മാനം ലഭിച്ചിട്ടില്ലാത്ത ടിക്കറ്റിലെ അവസാന നമ്പറുകള്‍ തിരുത്തി വിതരണക്കാരനെ സമീപിച്ച്‌ ടിക്കറ്റുകള്‍ നല്‍കി സമ്മാനത്തുക കൈപ്പറ്റുകയാണ്‌ പ്രതികള്‍ ചെയ്തിരുന്നത്‌. നമ്പര്‍ തിരുത്തുകയല്ലാതെ ബാര്‍കോഡ്‌ തിരുത്താന്‍ കഴിയാതിരുന്നതാണ്‌ പ്രതികള്‍ പിടിയിലാകാന്‍ കാരണം.

1000 മുതല്‍ 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ അടിച്ച ടിക്കറ്റുകള്‍ ആണ്‌ ഇവര്‍ തിരുത്തി നല്‍കുന്നത്‌. ചെറുകിട ഏജന്റുമാര്‍ അംഗീകൃത ഏജന്‍സിയിലോ ജില്ലാ ലോട്ടറി ഓഫീസിലോ റീഫണ്ടുചെയ്യാന്‍ ഏല്‍പ്പിക്കുമ്പോള്‍ ബാര്‍കോഡ്‌ അനലൈസര്‍ പരിശോധനയില്‍ പിടിക്കപ്പെട്ട്‌ മടക്കി നല്‍കുമ്പോഴാണ്‌ കബളിപ്പിക്കപ്പെട്ട വിവരം ഏജന്റുമാര്‍ അറിയുന്നത്‌.

കബളിപ്പിക്കല്‍ നടത്താനായി നിലമ്പൂരിലെ ഊട്ടുപുര ലോഡ്ജില്‍ മുറിയെടുത്ത്‌ ജില്ലയില്‍ മാസങ്ങളായി തട്ടിപ്പു നടത്തിവരികയായിരുന്നു. പ്രതി ജയിംസിന്‌ സമാനമായ രീതിയില്‍ ഭൂട്ടാന്‍ ലോട്ടറി തട്ടിപ്പുകേസില്‍ കണ്ണൂര്‍ കൂത്തുപറമ്പിലും വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പു നടത്തിയതിന്‌ പാലക്കാട്‌ ആലത്തൂര്‍ പോലീസിലും കേസുണ്ട്‌. 2007-ല്‍ മാനന്തവാടിയിലെ കള്ളനോട്ടുകേസിലും ഇയാള്‍ പ്രതിയാണ്‌. അബുലൈസും ജയിംസും തിരുത്തി നല്‍കുന്ന ടിക്കറ്റുകള്‍ മാറ്റാനായി പോയിരുന്നത്‌ അഷ്‌റഫാണ്‌. അബുലൈസിന്‌ കോയമ്പത്തൂരിലും കരുവാരകുണ്ടിലും ഭാര്യമാരുണ്ട്‌.