റിപ്പോര്‍ട്ടര്‍ ടിവി ലോഗോ പ്രകാശനം ചെയ്തു

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (10:39 IST)
PRO
മുമ്പ് ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം‌വി നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന റിപ്പോര്‍ട്ടര്‍ ന്യൂസ് ടെലിവിഷന്‍ ചാനലിന്റെ ലോഗോ ഞായറാഴ്ച പ്രകാശിപ്പിച്ചു. എറണാകുളം തമ്മനം ഡിഡി റിട്രീറ്റില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രശസ്ത സാഹിത്യകാരനായ എംടി വാസുദേവന്‍ നായരാണ് ലോഗോ പ്രകാശനം ചെയ്തത്. കൊച്ചി മേയര്‍ ടോണി ചമ്മിണി അധ്യക്ഷത വഹിച്ച ലോഗോ പ്രകാശന ചടങ്ങില്‍ ജസ്റ്റിസ്‌ വിആര്‍ കൃഷ്ണയ്യര്‍ മുഖ്യാതിഥിയായിരുന്നു. ചാനല്‍ അടുത്ത മാസമാദ്യം പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ എംഡിയും ചീഫ്‌ എഡിറ്ററുമായ നികേഷ്‌ കുമാര്‍ പറഞ്ഞു.

കളമശ്ശേരിയില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ ഒരുങ്ങി കൊണ്ടിരിക്കുകയാണ് എന്നും നികേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളത്തില്‍ യുദ്ധത്തിന് കൊഴുപ്പുകൂട്ടാന്‍ എത്തുന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. അപ്‌ലിങ്കിംഗ് അനുമതി നേരത്തേ ലഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തില്‍ ഡൗണ്‍ ലിങ്കിംഗ് അനുമതിയും ചാനലിന് ലഭിച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പിടി നാസറാണ് ചാനലിന്റെ ഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നാണ് അറിയുന്നത്. ഇന്ത്യാവിഷനില്‍ വാസ്തവം പരിപാടി അവതരിപ്പിച്ചിരുന്ന അനീഷ് ബര്‍സോം ചാനലില്‍ ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ബ്യൂറോ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഹൈ-ഡെഫനിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ചാനലായിരിക്കും റിപ്പോര്‍ട്ടര്‍‍. ടിവി, വെബ്‌, മൊബൈല്‍ തുടങ്ങി മൂന്ന് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് കൊണ്ടാണ് റിപ്പോര്‍ട്ടര്‍ മലയാളികളെ ആകര്‍ഷിക്കുക.