രൂപയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍: മന്‍മോഹന്‍ സിംഗ്

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (09:52 IST)
PRO
PRO
രൂപയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ എടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ചരക്കുസേവന നികുതി നടപ്പാക്കുകയും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കേണ്ടിവരുമെന്നാണ് മന്‍മോഹന്‍ സിംഗ് പറയുന്നത്.

ഇത്തരം കടുത്ത നടപടികള്‍ കൊണ്ട് മാത്രമേ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. രൂപയുടെ മൂല്യം ഇടിയാന്‍ കാരണം രാജ്യാന്തര ഘടകങ്ങളാണ്.

രൂപയുടെ വില ഇടിയുന്നത് താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചേക്കുമെങ്കിലും അതിനെ നേരിടേണ്ടതുണ്ട്. അതിനായി ഉദ്യോഗസ്ഥ തലത്തിലെ ചുവപ്പുനാടകള്‍ ഒഴിവാക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി നേരിടാന്‍ കഴിയുമെന്നും രൂപയുടെ വീഴ്ച മൂലം സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.