മുതിര്‍ന്ന സത്യം എക്സിക്യുട്ടീവ് രാജിവച്ചു

Webdunia
ഞായര്‍, 15 ഫെബ്രുവരി 2009 (15:06 IST)
പുതിയ വിവാദങ്ങളോടെ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം രാജിവച്ചതായി കമ്പനി വക്താവ് അറിയിച്ചു. കമ്പനിയിലെ ഓട്ടോമോട്ടീവ്സ് ഡിവിഷന്‍റെ മേധാവി സുബ്ബു ഡി സുബ്രഹ്മണ്യനാണ് രാജിവച്ചത്.

സത്യം കമ്പ്യൂട്ടേഴ്സിന്‍റെ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു സുബ്രഹ്മണ്യന്‍. വിദേശത്ത് ജോലി തേടുന്നതിനാണ് ഇദ്ദേഹം രാജിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സത്യത്തിന്‍റെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേശബ് പാണ്ഡെയെ ഈ സ്ഥാനത്ത് നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ സത്യത്തില്‍ എനര്‍ജി ആന്‍ഡ് യൂട്ടിലിറ്റി വെര്‍ട്ടിക്കലിന്‍റെ ചുമതലയാണ് പാണ്ഡെ വഹിക്കുന്നത്.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാജ്യത്തെ നാലാമത്തെ വലിയ ഐടി സംരംഭം കൂടിയായിരുന്ന സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. പുതിയ വിവാദത്തോടെ നിരവധി ജീവനക്കാര്‍ സത്യത്തില്‍ നിന്ന് രാജിവച്ചത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്‍റെയും റഗുലേറ്റര്‍മാരുടെയും സമയോചിത ഇടപെടലുകളാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കമ്പനിയെ രക്ഷിച്ചത്.