മിത്തലും അംബാനിയും ശക്തരായ കോടിപതിമാര്‍

Webdunia
ശനി, 14 ഫെബ്രുവരി 2009 (18:33 IST)
ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും ശക്തരായ കോടിപതികളുടെ ലിസ്റ്റില്‍ ലക്ഷ്മി മിത്തലും മുകേഷ് അംബാനിയും സ്ഥാനം പിടിച്ചു.

ആര്‍സലോര്‍ മിത്തല്‍ കമ്പനിയുടെ ഉടമയായ ലക്ഷ്മി മിത്തല്‍ പട്ടികയില്‍ മൂന്നാമതാണ്. കഴിഞ്ഞ മാര്‍ച്ച് - നവംബര്‍ കാലയളവില്‍ മിത്തലിന്‍റെ വരുമാനം 24.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞെങ്കിലും ലോകത്തിലെ മൊത്തം സ്റ്റീല്‍ ഉല്‍‌പാദനത്തിന്‍റെ 10 ശതമാനത്തോളം നിയന്ത്രണം ഇപ്പോഴും ആര്‍സലോറിനാണെന്ന് മാസിക വിലയിരുത്തുന്നു. രാജ്യത്തെ സ്റ്റീല്‍ കമ്പനി മിത്തലിന് കൈമാറുന്നത് സംബന്ധിച്ച് 2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായ ടോണി ബ്ലയര്‍ റൊമാനിയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യവും മാസിക ചൂണ്ടിക്കാട്ടുന്നുണ്ട്.

പെട്രോകെമിക്കല്‍ സംരഭമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമയായ മുകേഷ് അംബനി ഏഴാം സ്ഥാനത്താണ്. വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എണ്ണ, വാതകം, പെട്രോകെമിക്കല്‍‌സ്, ടെക്സ്റ്റൈല്‍‌സ് എന്നിവ റിലയന്‍സ് ഉല്‍പാദിപ്പിക്കുന്ന കാര്യം ഫോര്‍ബ്സ് സൂചിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്ക് സിറ്റി മേയറായ മൈക്കില്‍ ബ്ലൂംബെര്‍ഗ് ആണ് പട്ടികയില്‍ ഒന്നാമത്. ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ സില്‍‌വിയൊ ബെര്‍ലുസ്കോണി ആണ് തൊട്ട് പിറകില്‍. കഴിഞ്ഞ മാര്‍ച്ചില്‍ 1125ല്‍ അധികം കോടിപതികള്‍ ലോകത്തുണ്ടായിരുന്നെന്നും എന്നാല്‍ കുറച്ച് പേര്‍ക്ക് മാത്രമേ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിക്കാനായുള്ളൂ എന്നും പട്ടിക പുറത്തിറക്കിക്കൊണ്ട് ഫോര്‍ബ്സ് അഭിപ്രായപ്പെടുന്നു.