മരുന്നു കമ്പനികള്‍ വില കുത്തനെ വര്‍ധിപ്പിച്ചു

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (21:13 IST)
PRO
കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക്‌ വിലനിയന്ത്രണപട്ടിക നടപ്പിലാക്കിയതോടെ, മരുന്നുകമ്പനികള്‍ മറ്റ്‌ മരുന്നുകള്‍ക്ക്‌ വില ക്രമാതീതമായി വര്‍ധിപ്പിച്ചു. വിലനിയന്ത്രണം അട്ടിമറിക്കാന്‍ കോമ്പിനേഷന്‍ മരുന്നുകള്‍ രംഗത്തിറക്കിയതിന്‌ പിന്നാലെയാണ്‌, മരുന്നുവില ഇരട്ടിയിലധികം വര്‍ധിപ്പിച്ചത്‌.

വിലനിയന്ത്രണത്തിലെ നഷ്ടം നികത്താന്‍ കുത്തകമരുന്നുകമ്പനികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുകയാണ് ഈ വിലക്കയറ്റത്തിലൂടെ മനസിലാകാന്‍ സാധിക്കുന്നത്.
1980 മുതല്‍ തുടങ്ങിയതാണ്‌ കുത്തകമരുന്നുകമ്പനികളുടെ സമ്മര്‍ദങ്ങള്‍. ആരോഗ്യപരിരക്ഷ മേഖലയില്‍ നിന്ന്‌ കേന്ദ്രപെട്രോ കെമിക്കല്‍സിന്റെ നിയന്ത്രണത്തിലേക്ക്‌ മരുന്നുമേഖലയെ മാറ്റുകയായിരുന്നു.

കുത്തകമരുന്നുകമ്പനികള്‍ക്ക് വിരുദ്ധമായിട്ടാണെങ്കിലും കോടതിയുടെ നിര്‍ദേശപ്രകാരം വിലനിയന്ത്രണപട്ടിക കേന്ദ്രസര്‍ക്കാരിന്‌ നടപ്പിലാക്കേണ്ടി വന്നു. എന്നാലും വിലനിയന്ത്രണപട്ടികയിലുണ്ടായ നഷ്ടം നികത്താനുള്ള എല്ലാവഴികളും കമ്പനികള്‍ക്ക്‌ തുറന്നുകൊടുത്തുകൊണ്ടായിരുന്നു അധികൃതര്‍ നിയമനിര്‍മാണം നടത്തിയത്‌. പട്ടികക്ക്‌ പുറത്തുള്ള മരുന്നുകളുടെ വില കുത്തനെ ഉയര്‍ത്തി.

വിലനിയന്ത്രണപട്ടികയില്‍ മുന്നൂറ്‌ മരുന്നുകള്‌ പെടുത്തിയപ്പോഴുള്ള നഷ്ടം പുറത്തുള്ള ആയിരത്തിലധികം മരുന്നുകളുടെ വിലകൂട്ടിയാണ്‌ കമ്പനി അഡ്‌ ജസ്റ്റ്‌ ചെയ്‌തത്‌. പട്ടികയിലുള്ള മരുന്നുകള്‍ ഓ‍യില്‍മെന്റുകളായും കഫ്സിറപ്പുകളായും ഇറക്കിയും വിലവര്‍ധിപ്പിച്ചിട്ടുണ്ട്‌.