രാജ്യത്ത് ഭവനവായ്‌പയ്ക്കുള്ള ഇ എം ഐയില്‍ വന്‍ കുറവ് വന്നേക്കും. ഒരു വീട് എന്ന സ്വപ്നവുമായി നടക്കുന്നവര്‍ക്ക് ഉയര്‍ന്ന ഇ എം ഐ പലപ്പോഴും ഒരു ഭാരമാകാറുണ്ട്. ഇ എം ഐ ഭാരമാകുന്നവര്‍ക്ക് ആശ്വാസകരമാണ് ഈ വാര്‍ത്ത.
റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇത് കോര്‍പ്പറേറ്റുകള്‍ക്കും സാധാരണക്കാര്‍ക്കും ഗുണം ചെയ്യുന്നതാണ്. വാണിജ്യബാങ്കുകള്‍ ഇതിന്റെ ചുവടുപിടിച്ച് ഭവന-വാഹന വായ്പകളില്‍ ഉള്‍പ്പെടെ പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ തയ്യാറാകും. ഇക്കാരണത്താലാണ് ഭവനവായ്‌പകളുടെ ഇ എം ഐയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നത്. ഇത് അനുസരിച്ച് ഭവനവായ്പയുടെ ഇ എം ഐ 8, 000 രൂപവരെയായി കുറഞ്ഞേക്കും.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാനനിരക്കുകളില്‍ 0.25 ശതമാനം കുറവ് പ്രഖ്യാപിച്ചുകഴിഞ്ഞു. എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്കുകളും നിരക്ക് കുറക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്. മറ്റു ബാങ്കുകളും ഇതേ വഴി സ്വീകരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഫ്ളോട്ടിങ് നിരക്കില്‍ വായ്പ എടുത്തവര്‍ക്കും വായ്പയെടുക്കാന്‍ ഇരിക്കുന്നവര്‍ക്കുമാവും ഇത് ഗുണം ചെയ്യുക.