ഫേസ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസ് ഉടന്‍

Webdunia
തിങ്കള്‍, 28 ജൂണ്‍ 2010 (09:39 IST)
ഇന്റര്‍നെറ്റ് ലോകത്ത് ഏറ്റവും ജനപ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യയിലും ഓഫീസ് തുടങ്ങുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ഓഫീസ് ഹൈദരാബാദില്‍ രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഫീസ് തുടങ്ങാനുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്കിന് ഇന്ത്യയിലും പ്രചാരം വര്‍ധിച്ചതോടെയാണ് ഹൈദരാബാദില്‍ ഓഫീസ് തുടങ്ങാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്. ഇതിനെല്ലാം പുറമെ, കൂടുതല്‍ നെറ്റ്വരിക്കാറുള്ള ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ പരസ്യവരുമാനവും നേടാമെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്ക്.

കുറഞ്ഞ വേതനത്തിന് പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരെ ലഭിക്കുന്നതിനാലാണ് ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ലോകത്തെ പ്രമുഖ ഐ ടി കമ്പനികളായ ഗൂഗിള്‍, സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് എന്നിവയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും ഹൈദരാബാദിലാണ്.

അമേരിക്ക, യൂറോപ്പ് രാജ്യങ്ങളിലെക്കാളും കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ സാങ്കേതിക സേവനങ്ങള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് ലോകത്ത് ഗൂഗിളിനും യാഹുവിനും പിന്നില്‍ ശക്തമായ മുന്നേറ്റമാണ് ഫേസ്ബുക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഫേസ്ബുക്കിന് ആഗോളതലത്തില്‍ 400 ദശലക്ഷം വരിക്കാറുണ്ടെന്നാന് റിപ്പോര്‍ട്ട്.

രാജ്യത്ത് ഫേസ്ബുക്ക് എട്ടു ദശലക്ഷം വരിക്കാരുണ്ടെന്ന് കമ്പനി വക്താവ് ഡോണ്‍ ഫോള്‍ തന്റെ ബ്ലോഗിലൂടെ അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 70 ശതമാ‍നം പേരും അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവരാണ്. അതേസമയം, തുടക്കത്തില്‍ ചെറിയൊരു ടീമിനെ മാത്രമെ ഫേസ്ബുക്ക് റിക്രൂട്ട് ചെയ്യുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.