ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫ്രാന്‍സ് തലസ്ഥാനമായ പാരിസ് ഇപ്പോള്‍ മൂട്ട ഭീഷണിയിലാണ്. മൂട്ടകള്‍ പെരുകിയതു കാരണം ന്യൂയോര്‍ക്കില്‍ നിന്നും മറ്റുമുള്ള വിനോദ സഞ്ചാരികള്‍ പാരിസിലേക്ക് യാത്ര നടത്താന്‍ മടിക്കുന്നു എന്ന് റിപ്പോര്‍ട്ട്.
മൂട്ടകള്‍ പെരുകുന്നത് തടയാനായില്ല എങ്കില്‍ ഫ്രാന്‍സ് ടൂറിസം മേഖല താല്‍ക്കാലികമായെങ്കിലും തിരിച്ചടി നേരിടുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് വരെ മൂട്ട ശല്യത്തെ കുറിച്ച് പാരീസുകാര്‍ക്ക് പരാതിയൊന്നുമില്ലായിരുന്നു എന്നതാണ് സത്യം. അക്കാലത്ത് മൂട്ടശല്യം ഒഴിവാക്കുന്ന ഏജസികള്‍ക്ക് ലഭിക്കുന്നത് മാസം പത്തില്‍ താഴെ ഓര്‍ഡര്‍ മാത്രമായിരുന്നു. എന്നാല്‍, ആ സ്ഥാനത്ത്, മാസം നൂറുകണക്കിന് ഓര്‍ഡറുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
മൂട്ടശല്യം മൂലം താമസക്കാരുടെ പരാതി സഹിക്കാന്‍ കഴിയാതെ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടല്‍ നിലവിലുള്ള തങ്ങളുടെ എല്ലാ കാര്‍പ്പറ്റുകളും ഫര്‍ണിച്ചറുകളും ഒഴിവാക്കി പുതിയവ സ്ഥാപിച്ചിരുന്നു.
പാരിസിലെ 600 കേന്ദ്രങ്ങളില്‍ കടുത്ത മൂട്ടശല്യമുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇവ ഫ്രാന്‍സിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മൂട്ടശല്യം അത്ര വലിയൊരു ആക്രമണം അല്ല എന്നാണ് ഫ്രാന്‍സ് അധികൃതരുടെ നിലപാട്.