രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ ജനുവരി 21 മുതല്‍ നടത്താനിരുന്ന നാലുദിവസത്തെ പണിമുടക്ക് മാറ്റിവെച്ചു. വേതനപരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്താനായിരുന്നു തീരുമാനം.
അടുത്തമാസം ആദ്യവാരത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം മാറ്റുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കണ്‍വീനര്‍ എം വി മുരളി അറിയിച്ചു. ഇക്കാര്യത്തില്‍ യൂണിയനുകളുമായി ചര്‍ച്ചതുടരുമെന്ന് ബാങ്ക് മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ ബി എ) വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പൊതുമേഖലാബാങ്കുകളിലെ ശമ്പളപരിഷ്‌കരണം 2012 ഫെബ്രുവരി മുതല്‍ കുടിശ്ശികയാണ്. ഫെബ്രുവരിയോടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും മുരളി വ്യക്തമാക്കി.
ജനുവരി ഏഴിന് നടത്താനിരുന്ന ഏകദിന പണിമുടക്കും ബാങ്ക് യൂണിയനുകള്‍ മാറ്റിയിരുന്നു. വേതനവര്‍ധന 11 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്താമെന്ന് ഐ ബി എ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ,19 ശതമാനം വര്‍ധന വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.