തുറന്ന ലേലത്തിനായി സത്യം

Webdunia
ഏറ്റെടുക്കല്‍ നടപടികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സത്യം കപ്യൂട്ടേഴ്സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് തുറന്ന ലേലത്തിന് തയ്യാറെടുക്കുന്നു. ഇതിനായി ലേല വ്യവസ്ഥകളില്‍ ചെറിയമാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സത്യം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു.

പുതിയ നടപടിക്രമം അനുസരിച്ച് സത്യം ഏറ്റെടുക്കാനായി സമര്‍പ്പിക്കപ്പെട്ട ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ടെന്‍ഡറും മറ്റ് ടെന്‍ഡറുകളും തമ്മില്‍ 10 ശതമാനത്തിലധികം തുകയുടെ വ്യത്യാസമില്ലെങ്കില്‍ തുറന്ന ലേലം നടത്താനാണ് ബോര്‍ഡ് തീരുമാനം.

ഈ അവസരത്തില്‍ എറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ടെന്‍ഡറായിരിക്കും അടിസ്ഥാന ലേല നിരക്ക്. ഉദാഹരണമായി സത്യത്തിന്‍റെ ഒരു ഓഹരിക്ക് ലേലത്തില്‍ പങ്കെടുക്കുന്ന സ്ഥാപാനം 50 രൂപയും മറ്റ് രണ്ട് സ്ഥാപനങ്ങള്‍ യഥാക്രമം 45, 49 രൂപയുമാണ് രേഖപ്പെടുത്തിരിക്കുന്നതെങ്കില്‍ 50 രൂപ അടിസ്ഥാന ലേല നിരക്കായി കണക്കിലെടുത്ത് തുറന്ന ലേലം നടത്തും. 45, 49 രൂപ രേഖപ്പെടുത്തിയവര്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും.

എന്നാല്‍ തുടക്കത്തില്‍ തന്നെ തുറന്ന ലേലം നടത്തില്ല. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അവര്‍ നല്‍കാനുദ്ദേശിക്കുന്ന തുക രേഖപ്പെടുത്തി മുദ്രവച്ച കവറില്‍ നല്‍കണം. ഏപ്രില്‍ ഒമ്പതാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. രണ്ട് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ടെന്‍ഡര്‍ തുകകള്‍ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തില്‍ അധികമില്ലെങ്കില്‍ മാത്രമേ തുറന്ന ലേലം നടത്തൂവെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.