ഡിഎല്‍എഫ് അറ്റാദായത്തില്‍ മുന്നേറ്റം

Webdunia
ശനി, 15 മെയ് 2010 (09:52 IST)
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എല്‍ എഫ് ലിമിറ്റഡിന്റെ നാലാം പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 2009-10 വര്‍ഷത്തിലെ നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഡി എല്‍ എഫ് അറ്റാദായം 168 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം അറ്റാദായ വരുമാനം 426.38 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 159.05 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നാലാം പാദത്തിലെ ഡി എല്‍ എഫിന്റെ മൊത്തവരുമാനം 59 ശതമാനം വര്‍ധിച്ച് 2,146.1 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 1,351.4 കോടി രൂപയായിരുന്നു.

അതേസമയം, കമ്പനിയുടെ ഒരു സാമ്പത്തിക വര്‍ഷത്തെ അറ്റാദായ കണക്കുകള്‍ നോക്കുമ്പോള്‍ ഇടിവാണ്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 61 ശതമാനം ഇടിഞ്ഞ് 1,730 കോടി രൂപയായി. 2008-09 വര്‍ഷത്തില്‍ ഇത് 4,469 കോടി രൂപയായിരുന്നു.

ഒരു വര്‍ഷത്തെ മൊത്തവരുമാനത്തിലും ഡി എല്‍ എഫിന് ഇടിവാണ്. 2009-10 വര്‍ഷത്തില്‍ മൊത്ത വരുമാനം 25 ശതമാനം കുറഞ്ഞ് 7,857.2 കോടി രൂപയാണ്. 2008-09 വര്‍ഷത്തില്‍ മൊത്തവരുമാനം 10,431.3 കോടി രൂ‍പയായിരുന്നു.