സഹകരണ ബാങ്കുകളില്‍നിന്ന് ട്രഷറിയില്‍ പണമെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടു. 1500 കോടി ലക്‍ഷ്യമിട്ടപ്പോള്‍ കിട്ടിയത് വെറും 78.25 കോടി രൂപ. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ നിസഹകരണമാണ് കാരണം.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാമ്പത്തികവര്‍ഷാന്ത്യത്തിലെ ചെലവുകള്‍ക്ക് പണം കണ്ടെത്താനായി. എന്നാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാവുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വാണിജ്യനികുതിയില്‍ 2400 കോടി രൂപ കുറഞ്ഞു. നികുതിവരുമാനത്തില്‍ 17 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും നേടാനായത് 11 ശതമാനം മാത്രം. രജിസ്‌ട്രേഷന്‍ ഫീസിലും വന്‍ കുറവുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ട്രഷറിയിലേക്ക് അധികം പണമെത്താന്‍ സാധ്യതയില്ല.
സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനമായ തിങ്കളാഴ്ച 1,200 ഓളം കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് നല്‍കിയത്. 1000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നുള്ള 78 കോടിക്കു പുറമേ വാണിജ്യനികുതിയായി 700 കോടി രൂപയും കേന്ദ്രത്തില്‍നിന്ന് 250 കോടി രൂപയും ട്രഷറിയിലെത്തി. കഴിഞ്ഞദിവസത്തെ നീക്കിയിരിപ്പായ 630 കോടിയും ചേര്‍ത്താണ് തിങ്കളാഴ്ചയിലെ ചെലവുകള്‍ നേരിട്ടത്. മാര്‍ച്ചില്‍ മാത്രം 9,300 കോടിയാണ് ചെലവിട്ടത്.
നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പല ട്രഷറികളിലും പണം മാറാനാകാത്തവര്‍ പ്രതിഷേധിച്ചു. പരിധിയില്‍ ഇളവ് നല്‍കാത്തതിനെതിരെ തിരുവനന്തപുരത്തും കോഴിക്കോട്ടും മേയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ട്രഷറിയില്‍ പ്രതിഷേധം അരങ്ങേറി. കോര്‍പ്പറേഷനുകള്‍ക്ക് മൂന്നുകോടി രൂപയായിരുന്നു പരിധി. അവസാനദിവസം ഇതില്‍ക്കൂടുതല്‍ പണം മാറാന്‍ അനുവദിക്കാത്തതിലായിരുന്നു പ്രതിഷേധം. കോഴിക്കോട്ട് കരാറുകാരും പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാത്രി വൈകിയും പ്രവര്‍ത്തിച്ചതിനാല്‍ ചൊവ്വാഴ്ച ട്രഷറികള്‍ക്ക് അവധിയാണ്. മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും ബുധനാഴ്ച മുതലാണ് മാറേണ്ടത്. ഇതിന് 3000 കോടിയോളം രൂപ വേണം. സംസ്ഥാനത്തെ വാണിജ്യനികുതിയും കേന്ദ്ര നികുതിയുമാണ് പ്രധാന പ്രതീക്ഷ. വകുപ്പുകളുടെ ചെലവഴിക്കാത്ത പണവും ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണവും എത്രയുംവേഗം ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുമ്പ് ട്രഷറിയിലായിരുന്നു വകുപ്പുകളെല്ലാം പണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ബാങ്കുകളിലേക്ക് പണം മാറ്റാന്‍ വകുപ്പുകള്‍ക്ക് അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ ഇത് ട്രഷറിയിലേക്ക് മാറ്റാനുള്ള ശ്രമം വിജയിച്ചില്ല. ബാങ്കുകള്‍ വഴി എത്രപണം ചെലവിട്ടു എന്നതിന് കൃത്യമായ കണക്കില്ല. ഇത് എത്രയും പെട്ടെന്ന് ബാങ്കുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.