ടൊയോട്ട ഫോര്‍ച്യൂണര്‍ ബുക്കിംഗ് നിര്‍ത്തി

Webdunia
വെള്ളി, 14 മെയ് 2010 (12:17 IST)
PRO
PRO
ടൊയോട്ട ഫോര്‍ച്യൂണറിന്റെ ബുക്കിംഗ് നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. നിലവില്‍ അയ്യായിരം ഫോര്‍ച്യൂണര്‍ കാറുകള്‍ക്ക് ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് നല്‍കിയിട്ടെ പുതിയ ബുക്കിംഗ് സ്വീകരിക്കൂവെന്നും ടോയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ് വക്താക്കള്‍ വ്യക്തമാക്കി.

തുടക്കത്തില്‍ ഫോര്‍ച്യൂണര്‍ മാസത്തില്‍ 400 യൂണിറ്റാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആയിരം യൂണിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. വര്‍ധിച്ച ഡിമാന്‍ഡ് സ്വീകരിക്കാന്‍ നിലവില്‍ സാധ്യമല്ലെന്നാണ് കമ്പനി പറയുന്നത്. ഉല്‍പ്പാദനം കൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്, പ്ലാന്റ് ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ബുക്കിംഗ് ഉടന്‍ തന്നെ സ്വീകരിക്കാനാകുമെന്നും ടൊയോട്ട അറിയിച്ചു.

കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ ഫോര്‍ച്യൂണറിനായി അയ്യായിരം ഓര്‍ഡറാണ് ലഭിച്ചത്. ഓഗസ്റ്റില്‍ വിപണിയിലെത്തിയ ഫോര്‍ച്യൂണര്‍ ഇതുവരെയായി 6,500 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയതായി ടൊയോട്ട വക്താവ് ഷെട്ടി അറിയിച്ചു.

അതേസമയം, 2015 അവസാനത്തോടു കൂടി ഇന്ത്യന്‍ വാഹനവിപണിയില്‍ പത്ത് ശതമാനം പങ്കാളിത്തമെങ്കിലും നേടണമെന്നാണ് ടൊയോട്ട ലക്‍ഷ്യമിടുന്നത്. നിലവില്‍ ടൊയോട്ടയ്ക്ക് മൂന്നു ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടൊയോട്ട ഇന്ത്യയില്‍ 55,000 വാഹനങ്ങള്‍ വില്‍പ്പന നടത്തി. നടപ്പു വര്‍ഷം 70,000 വാഹനങ്ങള്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.