ടെക് മഹീന്ദ്ര സത്യം ഏറ്റെടുത്തു

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2009 (12:35 IST)
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ടെക് മഹീന്ദ്ര ഏറ്റെടുത്തു. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രൊ അടക്കമുള്ള സംരംഭങ്ങളെ പിന്തള്ളിയാണ് ടെക് മഹീന്ദ്ര സത്യം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ വിജയിച്ചത്.

സത്യത്തിന്‍റെ 31 ശതമാനം ഓഹരികളാണ് ടെക് മഹീന്ദ്ര ഏറ്റെടുത്തത്. 1757 കോടി രൂപയ്ക്കാണ് കമ്പനി സത്യം ഓഹരികള്‍ സ്വന്തമാക്കിയത്. ഇന്ന് രാവിലെയാണ് അന്തിമ വിവരങ്ങള്‍ കമ്പനി ബോര്‍ഡ് പുറത്തുവിട്ടത്. ടെക് മഹീന്ദ്രയെക്കൂടാതെ എല്‍ ആന്‍ഡ് ടി, കോഗ്നിസന്‍റ്, വില്‍ബര്‍ റോസ് എന്നിവയാണ് നിക്ഷേപം നടത്താന്‍ തയ്യാറായവരില്‍ അവസാനഘട്ടത്തില്‍ എത്തിയിരുന്നത്. അടുത്തയാഴ്ചയോടെ സത്യത്തിന് പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കിരണ്‍ കാര്‍ണിക് പറഞ്ഞു.

സാങ്കേതികമായി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായെങ്കിലും ഇതിന് കമ്പനി നിയമ ബോര്‍ഡിന്‍റെയും മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബിയുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. അടുത്തയാഴ്ചയോടെ ഇതി കിട്ടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിക്ഷേപമിറക്കാന്‍ ബികെ മോഡിയുടെ സ്പൈസ് ഗ്രൂപ്പ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറുകയായിരുന്നു. കമ്പനി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമാകാത്തതിനാലായിരുന്നു ഇത്.

അതേസമയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ ബാധ്യതകള്‍ സംബന്ധിച്ചോ പുതിയ നിക്ഷേപക സംരംഭത്തിന് വിശദ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ജനുവരി - മാര്‍ച്ച് കാലയളവില്‍ 60 മില്യണ്‍ ഡോളറിന്‍റെ ബാങ്ക് വായ്പ സത്യം ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 20.6 ബില്യണ്‍ രൂപയുടെ വ്യാപാരം കമ്പനിയ്ക്ക് ലഭിച്ചതായും അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

മാര്‍ച്ച് അവസാനത്തില്‍ കമ്പനിയ്ക്ക് 2.1 ബില്യണ്‍ രൂപയുടെ കാഷ് ബാലന്‍സാണുണ്ടായിരുന്നത്. വിദേശ വിനിമയത്തില്‍ കമ്പനിക്ക് 1.46 ബില്യണിന്‍റെ നഷ്ടമുണ്ടായതായി സൂചനയുണ്ട്. സിറ്റി ബാങ്ക്, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ഈ കാലയളവില്‍ സത്യത്തിന് വായ്പ നല്‍കിയത്.

എന്നാല്‍ ഇപ്പോഴും മികച്ച വരുമാനം സത്യത്തിനുണ്ടെന്ന് കോര്‍പറേറ്റ് മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ ആദ്യ അഞ്ച് ഐടി സംരംഭങ്ങളില്‍ തന്നെയാണ് സത്യത്തിന്‍റെ സ്ഥാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ പ്രസ്താവനയെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലാകുന്നത്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കമ്പനി ബോര്‍ഡ് പിരിച്ചുവിടുകയും പുതിയൊരു ബോര്‍ഡിനെ നിയമിക്കുകയും ചെയ്തിരുന്നു. കമ്പനി വില്‍ക്കാനുള്ള പുതിയ ബോര്‍ഡിന്‍റെ തീരുമാനത്തിന് നിയമ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.