ടാറ്റ പൂനെയില്‍ 6000 കോടി നിക്ഷേപിക്കും

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2008 (12:49 IST)
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ് മഹാരാഷ്ട്രയിലെ പൂനെയിലുള്ള കമ്പനിയില്‍ 6,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ നിശ്ചയിച്ചു.

കമ്പനിയുടെ പൂനെ പ്ലാന്‍റിന്‍റെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പുതിയതായി ഒരു വെഹിക്കിള്‍ ടെസ്റ്റിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിനുമായാണ് ഈ തുക വിനിയോഗിക്കുക. വരുന്ന അഞ്ച് വര്‍ഷങ്ങളിലായാണ് ഈ തുക മുടക്കുക. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുമായി കമ്പനി തിങ്കളാഴ്ച ഒരു കരാര്‍ ഒപ്പുവച്ചു.

രാജ്യത്തെയും വിദേശത്തെയും വര്‍ദ്ധിച്ചു വരുന്ന വാഹന ആവശ്യം നിറവേറ്റുക എന്ന ലക്‍ഷ്യം കണക്കിലെടുത്താണ് പൂനയിലെ പ്ലാന്‍റിന്‍റെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു.

പുതുതായി ഇത്രയേറെ തുക നിക്ഷേപിക്കുന്നതിലൂടെ 1,500 ഓളം പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കണക്കാക്കുന്നതായും രത്തന്‍ ടാറ്റ പറഞ്ഞു.