ജാഗ്വാര്‍ എക്‌സ്എഫിനും ഓഡി എ 6നു വെല്ലുവിളി; മെഴ്സിഡസ് E220d ഇന്ത്യയില്‍ !

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (10:55 IST)
മെഴ്സിഡസ് ബെന്‍സ്  ഇ ക്ലാസിന്റെ ബേസ് ഡീസല്‍ വേരിയന്റ് E220d ഇന്ത്യയില്‍ അവതരിച്ചു. അടുത്തിടെ മെഴ്സിഡസ് അവതരിപ്പിച്ച അഞ്ചാം തലമുറ ഇ ക്ലാസ് കുടുംബത്തിലേക്കാണ് E220d യും വന്നെത്തുന്നത്. നിലവില്‍ രാജ്യത്ത് വില്‍പനയുള്ള E350d യ്ക്ക് താഴെയായി ഇടം നേടിയിരിക്കുന്ന E220d യ്ക്ക് 57.14 ലക്ഷം രൂപയാണ്  പൂനെ ഷോറൂമിലെ വില. 
 
ആദ്യം ഇന്ത്യയില്‍ വില്‍പനയുണ്ടായിരുന്ന E250d യ്ക്ക് പകരക്കാരനായാണ് പുതിയ E220d യെ മെഴ്സിഡസ് എത്തിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് E220dയ്ക്ക് കരുത്തേകുന്നത്. 191 bhp കരുത്തും 400 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വഹനത്തില്‍ മെഴ്സിഡസ് നല്‍കുന്നത്.
 
വാഹനത്തിന്റെ മുന്‍ഭാഗത്ത് E350d യുടേതിന് സമാനമായ രൂപകല്‍പനയാണെങ്കിലും എഞ്ചിനിലും ഇന്റീരിയറിലുമാണ് ഇരു മോഡലുകളും വ്യത്യസ്ത പുലര്‍ത്തുന്നത്. 64 ഷെയ്ഡുകളോടു കൂടിയ ആംബിയന്റ് ലൈറ്റിംഗ്, ആപ്പിള്‍ കാര്‍പ്ലേയുടെ പിന്തുണയോടെയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, 13 സ്പീക്കര്‍ ബര്‍മ്മെസ്റ്റര്‍ മ്യൂസിക് ബോക്‌സ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ ഫീച്ചറുകള്‍ ഇതിലുണ്ട്
 
E220d എന്ന ഈ പുതിയ മോഡലില്‍ മെഴ്സിഡസ് നല്‍കിയിരിക്കുന്ന പനോരാമിക് സണ്‍റൂഫ് എസ്-ക്ലാസിന് തുല്യമായ ആഢംബരമാണ് വാഹനത്തിന് നല്‍കുന്നത്. ജാഗ്വാര്‍ എക്‌സ്എഫ്, ബിഎംഡബ്ല്യു 5-സീരീസ്, ഓഡി A6, വോള്‍വോ S90 എന്നീ കരുത്തന്മാരോടായിരിക്കും വിപണിയില്‍ E220d മത്സരിക്കേണ്ടി വരുക.
Next Article