ക്രാഫ്റ്റിന്‍റെ വാഗ്ദാനം കാഡ്ബറി നിരസിച്ചു

Webdunia
ബുധന്‍, 13 ജനുവരി 2010 (09:38 IST)
PRO
ഏറ്റെടുക്കലിനുള്ള ക്രാഫ്റ്റിന്‍റെ വാഗ്ദാനം ചോക്ലേറ്റ് നിര്‍മാണ രംഗത്തെ ബ്രിട്ടീഷ് ഭീമന്‍‌മാരായ കാഡ്ബറീസ് തള്ളി. ഈ വര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരിക്കുമെന്നും ക്രാഫ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക വളരെ കുറവാണെന്നും കാണിച്ചാണ് കഡ്ബറീസ് ഏറ്റെടുക്കല്‍ വാഗ്ദാനം തള്ളിയിരിക്കുന്നത്.

ഓഹരികളില്‍ ക്രാഫ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന നിക്ഷേപമായ 16.5 ബില്യണ്‍ ഡോളര്‍ അംഗീകരിക്കാനാവില്ലെന്നും കാഡ്ബറീസ് വ്യക്തമാക്കി. ഇത്രയും കുറഞ്ഞ തുകയ്ക്ക് കാഡ്ബറിയെ ക്രാഫ്റ്റിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചെയര്‍മാന്‍ രോജര്‍ കാറും വ്യക്തമാക്കി.

കാഡ്ബറിയെ ഏറ്റെടുക്കാന്‍ നേരത്തെ നല്‍കിയ 10 ബില്യണ്‍ പൌണ്ടിന്‍റെ വാഗ്ദാനം ഉയര്‍ത്താന്‍ തയ്യാറാണെന്ന് ക്രാഫ്റ്റ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഹെര്‍ഷെയും കാഡ്ബറിയ്ക്കായി രംഗത്തെത്തിയതാണ് കാഡ്ബറിയുടെ മനം‌മാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്.

ഈ മാസം 15ന് കാഡ്ബറീസ് ഈ വര്‍ഷത്തെ വ്യാപാര കണക്കുകള്‍ പുറത്തുവിടുന്നത്. ഇതിനുശേഷമേ ഇനി ഏറ്റെടുക്കല്‍ സംബന്ധിച്ഛ് തീരുമാനമുണ്ടാകു. അതേ സമയം സ്വിസ് ഭക്‍ഷ്യ നിര്‍മാതാക്കളായ നെസ്റ്റ്‌ലെയും ഇറ്റലിയിലെ ഫെറേറൊ ഗ്രൂപ്പും കാഡ്ബറിക്കായി വിലപേശുന്നുണ്ട്.