എയര്‍ ഇന്ത്യ സമരം: ചര്‍ച്ച നടത്തുന്നു

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2009 (15:22 IST)
PRO
സമരം ചെയ്യുന്ന പൈലറ്റുമാരുമായി എയര്‍ ഇന്ത്യ മാനേജ്മെന്‍റ് ചര്‍ച്ച തുടങ്ങി. കമ്പനിയുടെ എം ഡി അരവിന്ദ് ജാവവ് ആണ് പൈലറ്റുമാരുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്‍റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സമിതി രൂപീകരിക്കാമെന്ന എയര്‍ ഇന്ത്യ മാനേജ്മെന്റിന്റെ വാഗ്ദാനം പൈലറ്റുമാര്‍ ആദ്യം തള്ളിയിരുന്നു. ഒരു വിഭാഗം പൈലറ്റുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കമ്പനിക്ക് തിങ്കളാഴ്ച തലസ്ഥാനത്ത് നിന്നുള്ള 14 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു.

പൈലറ്റുമാര്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ബാങ്കോക്ക്, കാബൂള്‍ എന്നിവിടങ്ങളിലേക്കുള്ള രണ്ട് അന്താരാഷ്ട്ര സര്‍വീസുകളും ബാംഗ്ലൂര്‍, വാരണാസി, ഗുവാഹതി, ദിബ്രുഗഡ്, ലേ, നാഗ്പൂര്‍, റായ്‌പൂര്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ഹൈദരാബാദ്, തിരുപ്പതി എന്നീ ആഭ്യന്തര സര്‍വീസുകളുമാണ് മുടങ്ങിയത്.

നാനൂറോളം പൈലറ്റുമാരാണ് സമരം ചെയ്യുന്നത്. വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹന ബത്തയില്‍ 50 ശതമാനം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കമ്പനിയുടെ നഷ്ടം നികത്താനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്.

സമരത്തിന് കാരണമായ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച നടപടികള്‍ നീട്ടിവയ്ക്കാനും പൈലറ്റുമാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഏഴംഗ സമിതി രൂപീകരിക്കാനും കഴിഞ്ഞ ദിവസം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ മെഡികല്‍ ലീവില്‍ പ്രവേശിക്കുമെന്ന് ജീവനക്കാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.