എണ്ണ വില 141 ഡോളര്‍

Webdunia
തിങ്കള്‍, 30 ജൂണ്‍ 2008 (11:51 IST)
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് തിങ്കളാഴ്ച രാവിലെ 141 ഡോളറിനു മുകളിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പ വര്‍ദ്ധന മൂലം ഡോളറിന്‍റെ വിനിമയ നിരക്കില്‍ ഉണ്ടായ ഇടിവാണ് എണ്ണ വില വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.

ഇതിനൊപ്പം ഗള്‍ഫ് മേഖലയില്‍ ഇറാന്‍ സംഭവത്തില്‍ ഉണ്ടാവുന്ന രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങളും എണ്ണ വില ഉയര്‍ത്താന്‍ മറ്റൊരു കാരണമായി എന്ന് സിഡ്നിയിലെ കോമണ്‍‌വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ പ്രതിനിധി ഡേവിഡ് മൂര്‍ പറയുന്നു.

ഇതിനിടെ യൂറോപ്യന്‍ സെന്‍‌ട്രല്‍ ബാ‍ങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചേക്കുമെന്ന സൂചനയുണ്ട്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച യോഗം ചേരും. ഇത് ഡോളറിനെതിരായ യൂറോയുടെ വിനിമയ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഇതും ഫലത്തില്‍ എണ്ണ വില കൂട്ടുമെന്നാണ് കരുതുന്നത്.

ഇതിനൊപ്പം ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ ലഭ്യതയില്‍ കുറവുണ്ടെന്നാണ് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നത്. തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഇസ്രയേലിനെതിരെ മിസൈല്‍ യുദ്ധം ആരംഭിക്കുമെന്നാണ് ഇറാനിലെ റവല്യൂഷണറി ഗാര്‍ഡുകളുടെ തലവന്‍ പറഞ്ഞത്. ഈ പ്രസ്താവന തന്നെ എണ്ണ വിലയില്‍ ഗണ്യമായ ഉയര്‍ച്ചയ്ക്ക് കാരണമാവും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.

ഇറാന്‍ പ്രശ്നം രൂക്ഷമാവുകയാണെങ്കില്‍ ഗല്‍ഫിലൂടെയുള്ള എണ്ണയുടെ കടത്തും ഉല്‍പ്പാദനവും തീരുത്തും നിലച്ചേക്കുമെന്നാണ് കരുതുന്നത്. ലോകത്ത് ഏറ്റവും അധികം ക്രൂഡോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇറാന് നാലാം സ്ഥാനമാണുള്ളത്.

അമേരിക്കന്‍ വിപണിയില്‍ എണ്ണ വില ഓഗസ്റ്റ് ഡെലിവറി വീപ്പയ്ക്ക് 1.60 ഡോളര്‍ നിരക്കില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച എണ്ണ വില 142.99 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അടുത്ത കാലത്തൊന്നും ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. ഇത് ഡോളറിന്‍റെ വിനിമയ നിരക്ക് കുറഞ്ഞ അളവില്‍ തുടരാനും കാരണമാവും. നിലവില്‍ യൂറോയ്ക്കെതിരായ വിനിമയ നിരക്ക് 1.5792 ഡോളര്‍ എന്ന നിലയിലാണ്. അതേ സമയം ഡോളറിനെതിരായ യെന്‍ വിലയാവട്ടെ 106.02 യെന്‍ ആണ്.