എണ്ണവില 140 ഡോളറായി

Webdunia
ചൊവ്വ, 17 ജൂണ്‍ 2008 (10:45 IST)
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 140 ഡോളറായി ഉയര്‍ന്നു. ഊഹവിലക്കച്ചവടക്കാരാണ് എണ്ണ വില ഗണ്യമായി ഉയര്‍ത്താന്‍ പ്രധാന കാരണമെന്ന് സൌദി അറേബ്യ ആരോപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഇടവേള സമയത്ത് എണ്ണ വില വീപ്പയ്ക്ക് 139.89 ഡോളറായാണ് വര്‍ദ്ധിച്ച് റിക്കോഡിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ ജൂലൈ ഡെലിവറി ക്രൂഡോയില്‍ വീപ്പയ്ക്ക് 25 സെന്‍റ് നിരക്കില്‍ വര്‍ദ്ധിച്ച് 134.61 എന്ന നിലയിലേക്ക് പിന്നീട് സ്ഥിരപ്പെടുകയായിരുന്നു. ഇടവേളയില്‍ ഇത് 132.84 ഡോളറിലേക്ക് താഴുകയും ചെയ്തിരുന്നു.

എണ്ണയുടെ വില വര്‍ദ്ധന ഗണ്യമായി കുറയ്ക്കാനായി എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സൌദി അറേബ്യ സമ്മതിച്ചതായി തിങ്കളാഴ്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് എണ്ണ വില വീണ്ടും വര്‍ദ്ധിച്ചിരിക്കുന്നത്.

പ്രതിദിന എണ്ണയുല്‍പ്പാദനം 2 ലക്ഷം വീപ്പ വീതം വര്‍ദ്ധിപ്പിക്കാമെന്നാണ് സൌദി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ജൂലൈ മാസത്തോടെ മാത്രമേ നടപ്പാക്കുകയുള്ളു എന്നും സൌദി അറിയിച്ചിരുന്നു.

ഇറാനെതിരായ അമേരിക്കന്‍ ഉപരോധം ഉണ്ടായെക്കും എന്ന അഭ്യൂഹങ്ങള്‍ക്കൊപ്പം ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ ഇടിവും എണ്ണ വില വര്‍ദ്ധിപ്പിക്കാനിടയാക്കിയെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. ഇത് കൂടാതെ നോര്‍വീജിയന്‍ എണ്ണ കമ്പനിയില്‍ ഉണ്ടായ അപകടവും എണ്ണയുടെ ലഭ്യതയ്ക്ക് ഇടിവുണ്ടാക്കി. ഇതും എണ്ണ വില പരോക്ഷമായി ഉയര്‍ത്താന്‍ സഹായിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേ സമയം ലണ്ടന്‍ വിപണിയില്‍ എണ്ണ വില 40 സെന്‍റ് താണ് വീപ്പയ്ക്ക് 134.71 ഡോളര്‍ എന്ന നിലയിലെക്ക് താണിട്ടുണ്ട്.