എം‌ടി‌എന്നുമായി ചര്‍ച്ച തുടരും: ഭാര്‍തി

Webdunia
വെള്ളി, 24 ജൂലൈ 2009 (19:06 IST)
ഇന്ത്യയില്‍ നിന്നുള്ള ടെലികോം കമ്പനിയായ ഭാര്‍തി എയര്‍‌ടെല്ലും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള എം‌ടി‌എന്നും തമ്മിലുള്ള ലയന ചര്‍ച്ച ഓഗസ്റ്റ് മാസത്തിലും തുടരും. മെയ് മാസത്തില്‍ ആരംഭിച്ച ചര്‍ച്ച, ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തതിനാല്‍ നീളുകയായിരുന്നു. ഇരുകമ്പനികളും തമ്മിലുള്ള ലയം നടക്കുകയാണെങ്കില്‍, ഇരുന്നൂറ് മില്യണ്‍ ഉപയോക്താക്കളുള്ള, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം കമ്പനിയാവും സൃഷ്ടിക്കപ്പെടുക.

എംടിഎന്നില്‍ 49 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഭാര്‍തി എയര്‍ടെല്‍ ശ്രമിക്കുന്നത്‌. ഇതിനു പകരമായി എംടിഎന്നിനും അവരുടെ ഓഹരിയുടമകള്‍ക്കും ഭാര്‍തിയില്‍ 36 ശതമാനം സാമ്പത്തിക പങ്കാളിത്തം നല്‍കും.

ഉപയോക്താക്കളുടെ എണ്ണത്തില്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ടെലികോം സംരംഭമാണ് എംടിഎന്‍. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇറാന്‍, സൈപ്രസ്‌ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എംടിഎന്നിന്‌ ഏഴ്‌ കോടിയോളം വരിക്കാരുണ്ട്‌. ഏതാണ്ട്‌ 40,000 കോടി രൂപയാണ്‌ വിറ്റുവരവ്‌.

ലയന ചര്‍ച്ചകള്‍ ജൂലൈ അവസാനത്തോടെ അവസാനിപ്പിക്കണമെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ ലയനത്തിന്റെ സങ്കീര്‍ണതയെ കണക്കിലെടുത്താണ് ചര്‍ച്ച നീട്ടാമെന്ന് കമ്പനികള്‍ ഇപ്പോള്‍ തീരുമാനിച്ചത്.