എംടിഎന്‍ ബാങ്ക് വായ്പയ്ക്ക് ശ്രമിക്കുന്നു

Webdunia
ശനി, 18 ജൂലൈ 2009 (12:53 IST)
ഭാരതി എയര്‍ടെല്ലുമായുള്ള ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ടെലികോം സംരംഭമായ എംടിഎന്‍ ബാങ്ക് ലോണിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 3.5 ബില്യണ്‍ ഡോളറിന്‍റെ ധനസഹായമാണ് കമ്പനി തേടുന്നത്.

ഓഹരി ഇടപാടുകള്‍ സംബന്ധിച്ച് ജൂലൈ 31നകം തീരുമാനത്തിലെത്താന്‍ ഇരു കമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്ക-മെറില്‍ ലിഞ്ച്, ഡ്യുസ്റ്റ്ഷെ ബാങ്ക് എനിവയാണ് ഇടപാടില്‍ എംടിഎന്നിന്‍റെ ഉപദേഷ്ടാക്കള്‍.

ഉപയോക്താക്കളുടെ എണ്ണത്തില്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ടെലികോം സംരംഭമാണ് എംടിഎന്‍. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇറാന്‍, സൈപ്രസ്‌ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എംടിഎന്നിന്‌ ഏഴ്‌ കോടിയോളം വരിക്കാരുണ്ട്‌. ഏതാണ്ട്‌ 40,000 കോടി രൂപയാണ്‌ വിറ്റുവരവ്‌.

എംടിഎന്നില്‍ 49 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഭാരതി എയര്‍ടെല്‍ ശ്രമിക്കുന്നത്‌. ഇതിനു പകരമായി എംടിഎന്നിനും അവരുടെ ഓഹരിയുടമകള്‍ക്കും ഭാരതിയില്‍ 36 ശതമാനം സാമ്പത്തിക പങ്കാളിത്തം നല്‍കും. 20 കോടിയിലേറെ വരിക്കാരും 2,000 കോടി ഡോളറിന്‍റെ വരുമാനവും അത്തരമൊരു സംയുക്ത കമ്പനിക്കുണ്ടാവും.