ഫെബ്രുവരി 28ന് ധനമന്ത്രി ചിദംബരം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ റബ്ബറിനു മേലുള്ള തീരുവകളും ചുങ്കങ്ങളും ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ റബ്ബര്‍ വ്യവസായം. ആഗോളമായി മത്സരത്തിനുള്ള ശക്തി പകരാന്‍ ഇത് അനിവാര്യമാണെന്ന് റബ്ബര്‍ വ്യവസായികള്‍ കരുതുന്നു.
സ്വാഭാവിക റബ്ബറിനുള്ള സെസ്സും കൃത്രിമ റബ്ബറിനുള്ള ‘ആന്‍റി ഡംപിംഗ്” ഡ്യൂട്ടികളും കുറയ്ക്കണം എന്നാണ് അവരുടെ ആവശ്യം. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം എന്ന നിലയിലാണ് 2001 ല്‍ സ്വാഭാവിക റബ്ബറിന് ഒരു കിലോയ്ക്ക് ഒന്നര രൂപ തീരുവ ഏര്‍പ്പെടുത്തിയത്.
അന്ന് ഉല്‍പ്പാദനക്കുറവും വിലക്കുറവും കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇവ രണ്ടും മെച്ചപ്പെട്ട സാഹചര്യത്തില്‍ തീരുവ എടുത്തുകളയണം എന്നാണ് വ്യവസായികളുടെ ആവശ്യം എന്ന് പ്രസിഡന്‍റ് എം.എഫ്.വോറ പറയുന്നു.
ഹെക്‍ടറില്‍ 1879 കിലോ റബ്ബറാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 2000 കിലോയാക്കാനാണ് റബ്ബര്‍ ബോര്‍ഡ് ലക്‍ഷ്യമിടുന്നത്.