പുതിയ രൂപത്തില്‍ കഴിഞ്ഞ മാസം ജപ്പാനില്‍ അവതരിപ്പിച്ച മാരുതി സുസുക്കി എസ്‌ക്രോസ് ഇന്ത്യയിലേക്കെത്തുന്നു. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന അതേ എസ്‌ക്രോസായിരിക്കും ഇന്ത്യയിലേക്കും വിരുന്നിനെത്തുന്നത്. ഡിസൈനില്‍ മാരുതിയുടെ നിരയില്‍ തന്നെ ഒന്നാമനാകാനുള്ള എല്ലാ തെളിവുകളും എസ്‌ക്രോസിന്റേതായി പുറത്തുവന്ന ചിത്രങ്ങളില്‍ കാണാവുന്നതാണ്.
പ്രധാനമായും പുറംമോഡിയിലാണ് എസ്‌ക്രോസിലെ പ്രധാന മാറ്റങ്ങള്‍. ക്രോം ആവരണത്തില്‍ പുതുക്കിപ്പണിത മുന്‍ഭാഗത്തെ റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബംമ്പര്‍, റിയര്‍ ബംമ്പര്‍ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തുന്നത്. വാഹനത്തിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതിനായി 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്.
6000 ആര്‍പിഎമ്മില്‍ 115.3 ബിഎച്ച്പി കരുത്തും 4400 ആര്‍പിഎമ്മില്‍ 151 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 220 എന്‍എം ടോര്‍ക്ക് ഉല്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും പുതിയ എസ്‌ക്രോസ് ലഭ്യമാകും. ആ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. SZ4, SZT, SZ5 എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഈ വാഹനം ലഭ്യമാകുക.
നിലവില്‍ ഇന്ത്യയില്‍ 89 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ എന്‍ജിനിലും 118 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ എന്‍ജിനിലുമാണ് എസ്‌ക്രോസ് നിരത്തിലുള്ളത്. ഇന്ത്യന്‍ സ്‌പെക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 9.56 ലക്ഷം രൂപ മുതല്‍ 15.77 ലക്ഷം വരെയാകും ഇന്ത്യയില്‍ എസ്‌ക്രോസിന്റെ വിപണി വില.