ആഭരണ കയറ്റുമതി ഏഴ് ശതമാനം ഉയര്‍ന്നു

Webdunia
കഴിഞ്ഞ ഏപ്രില്‍ - ജനുവരി കാലയളവില്‍ രജ്യത്തിന്‍റെ ആഭരണ, രത്ന കയറ്റുമതിയില്‍ 7.05 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായി. 72,529.67 കോടി രൂപയുടെ കയറ്റുമതിയാണ് ഈ കാലയളവില്‍ നടന്നത്. രത്ന-ആഭരണ കയറ്റുമതി പ്രോല്‍‌സാഹന സമിതി പുറത്ത് വിട്ടതാണ് ഈ വിവരം.

മുന്‍ സാമ്പത്തിക വര്‍ഷം പ്രസ്തുതകാലയളവില്‍ കയറ്റുമതി 67,754 കോടി രൂപയായിരുന്നു. എങ്കിലും ഡോളര്‍ നിരക്കില്‍ കണക്കാക്കുമ്പോള്‍ കയറ്റുമതിയില്‍ 2.29 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മുന്‍‌സാമ്പത്തിക വര്‍ഷം ഈ കാലയളവില്‍ കയറ്റുമതി 16,771 മില്യണ്‍ ഡോളറായിരുന്നെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഈ കാലയളവില്‍ ഇത് 16,387.18 മില്യണ്‍ ഡോളറായിരുന്നു.

ഏപ്രില്‍ 08 - ജനുവരി 09 കാലയളവില്‍ ഡോളറിന്‍റെ മൂല്യം ശരാശരി 44.26 രൂപയായിരുന്നെങ്കില്‍ ഏപ്രില്‍ 07 - ജനുവരി 08 കാലയളവില്‍ ഇത് 40.40 രൂപയായിരുന്നു.

ഡയമണ്ട് കയറ്റുമതി 6.43 ശതമാനം ഉയര്‍ന്ന് 48,775 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ സമയത്ത് ഇത് 45,827 കോടി രൂപയായിരുന്നു. റഫ് ഡയമണ്ടിന്‍റെ കയറ്റുമതിയില്‍ 67 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഉണ്ടായത്. ആഭ്യന്തര താരിഫ് മേഖലയില്‍ നിന്നുള്ള സ്വര്‍ണ്ണാഭരണ കയറ്റുമതിയില്‍ 18 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നും കയറ്റുമതി പ്രവര്‍ത്തന മേഖലയില്‍ നിന്നുമുള്ള കയറ്റുമതി 26.60 ശതമാനം ഉയര്‍ന്നു.