അഗ്‌നിപര്‍വതപുക: ദിവസ നഷ്ടം 200 ദശലക്ഷം ഡോളര്‍

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2010 (12:26 IST)
ഐസ്‌ലന്‍ഡിലെ ‘എയ്യാഫാറ്റ്‌ല ജോകുറ്റല്‍’ അഗ്നിപര്‍വത സ്ഫോടനം മൂലമുണ്ടായ പുകമൂലം സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് ഓരോ ദിവസവും നഷ്ടം 200 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിന് പുറമെ മറ്റു ഭൂഖണ്ഡങ്ങളിലേക്കുള്ള നിരവധി വിമാന സര്‍വീസുകളും നിര്‍ത്തിവച്ച്രിക്കുകയാണ്.

2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായതിലും കടുത്ത പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. നിരവധി വിമാനകമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടിട്ടുണ്ട്.

അതേസമയം, വ്യോമഗതാഗത പ്രതിസന്ധി മറിക്കടക്കാനുള്ള താത്കാലിക സജ്ജീകരണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷിതമായി വിമാനങ്ങള്‍ പറത്താനുള്ള അവസരങ്ങള്‍ യൂറോപ്പ് നഷ്ടപ്പെടുത്തുകയാണെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ തലവന്‍ ഗിയോവനി ബിസിഗ്‌നാനി കുറ്റപ്പെടുത്തി.

യൂറോപ്പിലെ വ്യോമഗതാഗതം തടസ്സപ്പെട്ടതിലൂടെ ഇന്ത്യയില്‍ നിന്നുള്ള 41,000 പേരുടെ യാത്ര മുടങ്ങി. ഇന്ത്യയിലേക്ക് തിരിച്ച നിരവധി യാത്രക്കാരും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് കയറ്റിമതി ചെയ്യേണ്ട പച്ചക്കറികളും പാര്‍സലുകളും കെട്ടിക്കിടക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും കനഡയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ്, കിംഗ് ഫിഷര്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പ് ഒഴിവാക്കി വഴി മാറി പറക്കാനാണ് ഈ വിമാന കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ന്യൂയോര്‍ക്ക്, ന്യൂയോര്‍ക്ക്-ഡല്‍ഹി, ന്യൂയോര്‍ക്ക്-മുംബൈ, ജെറ്റ് എയര്‍വേയ്സിന്റെ ഡല്‍ഹി-ടൊറന്റോ, മുംബൈ-ന്യൂയോര്‍ക്ക് വിമാനങ്ങള്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, യുറോപ്പ്യന്‍ നാടുകളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചുരുങ്ങിയത് ഒരാഴ്ച കഴിയും.