തുടക്കത്തിലെ നേട്ടം നിലനിർത്താനാവാതെ രണ്ടാം ദിവസവും ഓഹരിവിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ഏഷ്യൻ സൂചികകളിലെ തളർച്ചയാണ് രാജ്യത്തെ വിപണികളെയും ബാധിച്ചത്. നിഫ്റ്റി 15,750ന് താഴെയാണ് ക്ലോസ് ചെയ്‌തത്.
സെൻസെക്‌സ് 273.51 പോയന്റ് നഷ്ടത്തിൽ 52,678.76ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 15,746.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ടെക് ഓഹരികൾ തളർച്ച നേരിട്ടതും ഉടൻ വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനവുമാണ് ഉച്ചക്കുശേഷമുള്ള വ്യാപാരത്തെ സ്വാധീനിച്ചത്. അതേസമയം പ്രതീക്ഷിച്ചതിലും മോശം പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് ഡോ.റെഡ്ഡീസ് ലാബ് 10ശതമാനത്തോളം തകർന്നു. സിപ്ല, ആക്‌സിസ് ബാങ്ക്, അദാനി പോർട്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു.