രണ്ട് ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് വിപണി, കുതിപ്പിന് പിന്നിലെ കാരണങ്ങളറിയാം

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (15:29 IST)
കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദ്ദത്തെ മറികടന്ന് മികച്ച നേട്ടമുണ്ടാക്കി സൂചികകൾ. ഉച്ചക്ക് രണ്ടുമണിയോടെ സെന്‍സെക്‌സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തില്‍ 17,238ലുമെത്തി. നിഫ്റ്റി 50യിലെ 50 ഓഹരികളിൽ2 43 എണ്ണവും നേട്ടത്തിലാണ്.
 
അതിവേഗ വ്യാപനശേഷി ഭീഷണി സൃഷ്ടിക്കുന്നെങ്കിലും ഡെൽറ്റയുമായി താരതമ്യ‌പ്പെടുത്തുമ്പോൾ ഒമിക്രോൺ അത്ര അപകടകാരിയല്ല എന്ന റിപ്പോർട്ടുകളാണ് വിപണിയിലെ ഭീതി അകറ്റിയത്. ഒമിക്രോൺ ആഗോളസമ്പദ് ഘടനയ്ക്ക് ആഘാതമുണ്ടാക്കില്ല എന്ന വിലയിരുത്തലുകളും വിപണിയിലെ ഭീതി കുറച്ചു.
 
തിങ്കളാഴ്‌ച അമേരിക്കൻ വിപണി അടക്കമുള്ളവ നേട്ടത്തിലായതും വില്പന സമ്മർദ്ദത്തിന് ശേഷം നിക്ഷേപകർ കൂട്ടമായി തിരിച്ചെത്തിയതും വിപണിയുടെ ഉണർവിന് കാരണമായി. നിഫ്റ്റി ബാങ്ക് സൂചിക 2.4 ശതമാനവും മെറ്റൽ സൂചിക 2.5 ശതമാനവും നേട്ടമുണ്ടാക്കി.
 
ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാനയത്തില്‍ നിരക്കുകളില്‍ വര്‍ധനവരുത്തിയേക്കില്ലെന്ന വിലയിരുത്തലുകളും വിപണിക്ക് നേട്ടമായി. പുറത്തുവന്ന ജിഡിപിയും മറ്റ് വളർച്ചാ സൂചികകളും രാജ്യം മുന്നോട്ടുള്ള പാതയിലാണെന്ന് തെളിയിച്ചതും വിപണിയിൽ പ്രതിഫലിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍