അമേരിക്കന്‍ ഓഹരി വിപണിയും തകര്‍ന്നു; പിന്നെ തിരിച്ചുവന്നു

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2015 (09:47 IST)
ചൈനീസ് വിപണിയിലുണ്ടായ ഇടിവ് സാമ്പത്തിക ശക്തിയായ അമേരിക്കയേയും ബാധിക്കുന്നതായി സൂചന. ആഗോള സാമ്പത്തിക മാന്ദ്യത്തിനു സൂചന നല്‍കി അമേരിക്കന്‍ ഓഹരി വിപണി നഷ്‌ടത്തിലൂടെ പോകുകയാണ്. ഡൗണ്‍ജോണ്‍ സൂചിക 3.6 ശതമാനം നഷ്ടത്തിലാണ് തിങ്കളാഴ്‌ച അവസാനിച്ചത്.

ചൈനീസ് വിപണിയിലുണ്ടായ ഇടിവ് ലോകത്തെ ആകെ ബാധിക്കുന്നതായി സൂചന നല്‍കുന്നതാണ് അമേരിക്കന്‍ വിപണിയിലും പ്രതിഭലിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിപണി നഷ്ടം നികത്തി തുടങ്ങിയതാണ് അമേരിക്കയ്‌ക്ക് ആശ്വാസമായത്. വിപണി തുടങ്ങി അമേരിക്കയിലെ വാള്‍സ്ട്രീറ്റിലെ ഡൗണ്‍ ജോണ്‍ സൂചിക ആദ്യരണ്ട് മണിക്കൂറില്‍ 1000 പൊയന്‍റാണ് ഇടിഞ്ഞത്. 2011ന് ശേഷമുള്ള ഏറ്റവും മോശം വ്യാപാരമാണ് ഇന്നലെ വാള്‍ സ്ട്രീറ്റില്‍ നടന്നത്. അമേരിക്കയിലെ മറ്റ് സൂചികകളും നഷ്ടം രേഖപ്പെടുത്തി.

വിപണിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്‍റല്‍ ആപ്പിള്‍ എന്നി ടെക് കമ്പനികളുടെ ഇടപെടലാണ്. എന്നാല്‍ പിന്നീട് വീണ്ടും തകര്‍ച്ച തുടങ്ങിയ ഡൗ ജോണ്‍ സൂചിക വ്യാപാരം അവസാനിപ്പിച്ചത് 3.58 നഷ്ടത്തോടെയാണ്.

ചൈനീസ്‌ കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചതാണ്‌ ആഗോള വിപണിയെ പിടിച്ചുലച്ചത്‌. ഇത്‌ മൂന്നാം തവണയാണ്‌ യുവാന്റെ മൂല്യം ചൈന കുറയ്‌ക്കുന്നത്‌. ചൈനീസ്‌ ഉത്‌പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനായിട്ടാണ്‌ തുടര്‍ച്ചയായി യുവാന്റെ മൂല്യം ചൈന കുറയ്‌ക്കുന്നത്‌.

അതേസമയം, ചൈനയുടെ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തളര്‍ച്ച മൂലം ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ പിടിച്ചു നിര്‍ത്താന്‍ ഇടപെടുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം അറിയിച്ചു. രൂപയുടെ മൂല്യം തകര്‍ന്നാലും ഇന്ത്യയുടെ സാമ്പത്തിക സ്‌ഥിതി തകരാതിരിക്കാന്‍ വേണ്ടിവന്നാല്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കുമെന്നും ഇന്ത്യയ്‌ക്ക് 380 മില്യണ്‍ കരുതല്‍ ധനശേഖരമുണ്ടെന്നും രഘുറാം തിങ്കളാഴ്‌ച പറഞ്ഞു.