സെന്‍സെക്സ് കുത്തനെയിടിഞ്ഞു

വെള്ളി, 7 ജനുവരി 2011 (17:18 IST)
ആഭ്യന്തര ഓഹരി വിപണികള്‍ക്ക് ഇന്ന് കറുത്ത വെള്ളിയാഴ്ച. മുംബൈ ഓഹരി വിപണിയില്‍ സെന്‍സെക്സ് 493 പോയിന്‍റിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 144 പോയിന്‍റ് ഇടിഞ്ഞ് 5,905 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സില്‍ ആരംഭ വ്യാപാരത്തില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നെങ്കിലും പിന്നീട് കുത്തനെയിടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 581 പോയിന്‍റ് ഇടിഞ്ഞ് 19,629 വരെ എത്തിയതിന് ശേഷമാണ് സൂചിക അവസാന നില കൈവരിച്ചത്.

മെറ്റല്‍ ഓഹരികള്‍ക്കും വാഹന ഓഹരികള്‍ക്കുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ ഏഴ് ശതമാനവും സ്റ്റെര്‍ലൈറ്റ് അഞ്ച് ശതമാനവും മഹീന്ദ്ര ആന്‍റ് മഹീന്ദ്ര നാല് ശതമാനവും നഷ്ടം നേരിട്ടു. ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്‌ഡി‌എഫ്‌സി, ഇന്‍ഫോസിസ്, ഡി‌എല്‍‌എഫ്, ടിസി‌എസ് എന്നിവയുടെ ഓഹരികള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ വിലയിടിഞ്ഞു. ടിസി‌എസ്, എച്ച്‌ഡീഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എന്‍‌ടിപിസി, മാരുതി സുസൂക്കി എന്നിവയ്ക്ക് രണ്ട് ശതമാനം വീതം നഷ്ടം നേരിട്ടു.

ഇന്ന് മൊത്തം വ്യാപാരം നടന്ന 3,047 ഓഹരികളില്‍ 2,330 എണ്ണവും നഷ്ടം നേരിട്ടപ്പോള്‍ 620 എണ്ണം മാത്രമാണ് നേട്ടം കണ്ടത്.

വെബ്ദുനിയ വായിക്കുക