ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ വെള്ളിയാഴ്ച തകര്‍പ്പന്‍ പ്രകടനത്തോടെ മുന്നേറി. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 319 പോയിന്‍റ് വര്‍ദ്ധനയാണ് വെള്ളിയാഴ്ച രാവിലെ കൈവരിച്ചത്.
വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 318.69 പോയിന്‍റ് വര്‍ദ്ധിച്ച് 20,000 കടന്ന് 20,094.56 എന്ന നിലയിലെത്തി. വ്യാഴാഴ്ച വൈകിട്ട് സെന്‍സെക്സ് 58 പോയിന്‍റ് ലാഭത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സെന്‍സെക്സ് ഉയര്‍ച്ചയില്‍ തന്നെയായിരുന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 87.40 പോയിന്‍റ് വര്‍ദ്ധിച്ച് 6,042.10 എന്ന നിലയിലേക്കുയര്‍ന്നു.
ആഗോള വിപണിക്കൊപ്പം ഉയര്‍ന്ന ഏഷ്യന്‍ ഓഹരി വിപണിയുടെയും ചുവടു പിടിച്ചാണ് ആഭ്യന്തര ഓഹരി വിപണിയില്‍ കനത്ത തോതിലുള്ള ഉണര്‍വുണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ബാങ്കിംഗ്, മെറ്റല്‍ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹെവി വെയിറ്റ് ഓഹരികളായ ഭെല്‍, റിലയന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വില ഗണ്യമായ വര്‍ദ്ധനയാണ് വെള്ളിയാഴ്ച രാവിലെ കൈവരിച്ചത്.