ഈ വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

Webdunia
ബുധന്‍, 30 മാര്‍ച്ച് 2016 (17:37 IST)
2016-17 വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായി കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അറിയിച്ചു. സാമ്പത്തിക വളർച്ച കുറയുന്നതിലൂടെ രാജ്യത്തിന് സാമ്പത്തികമായി നഷ്ടമുണ്ടാക്കാനിടയുണ്ടെന്നും ബാങ്ക് അറിയിച്ചു.
 
അതേസമയം, അസംസ്‌കൃത എണ്ണയുടെ നിരക്കിലുള്ള നേരിയ വർധനവും സർക്കാർ ജീവനക്കാരുടെ ശമ്പ‌ള പരിഷ്കരണവും രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ വർധനവുണ്ടാക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഔട്ട്ലുക്കിൽ ഇതിന്റെ വ്യക്തമായ വിവരങ്ങ‌ൾ വിശദീകരിക്കുന്നുമുണ്ട്.
 
ഇന്ത്യയെ ലോകത്തിലെ ഏറ്റ‌വും വളർച്ചാ സാധ്യതയുള്ള സമ്പദ്ഘടനകളിലൊന്നായി ഉയർത്താൻ പുതിയ സാമ്പത്തിക പരിഷ്കരണങ്ങ‌ൾക്ക് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.8 ശതമാനമായിരുന്നുവെന്നും എഡിബിയുടെ റിപ്പോർട്ടിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യം 7.75 ശതമാനം ഉയരുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.