പുതുവര്‍ഷത്തില്‍ 20 പുത്തന്‍ കാറുകള്‍

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2007 (16:27 IST)
FILEFILE
അടുത്ത വര്‍ഷം രാജ്യത്ത് പുതിയ മോഡലുകളുമായി മിക്ക കാര്‍ കമ്പനികളും വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ വിദഗ്ദ്ധരും ഉപഭോക്താക്കളും. കുറഞ്ഞത് 20 മോഡലുകളെങ്കിലും 2008 ല്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെത്തുമെന്ന് കരുതുന്നു.

ഇതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ മത്സരം തകര്‍ക്കുമെന്നും കരുതുന്നു. നിലവിലെ വിപണിയിലെ മികച്ച വളര്‍ച്ചാ നിരക്കും കാര്‍ കമ്പനികളെ പുതിയ കാറുകള്‍ എത്രയും വേഗം വിപണിയില്‍ എത്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും സൂചനയുണ്ട്.

ഏറെക്കാലമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാറായിരിക്കും ഇതിലൊന്ന് എന്ന് ഏതാണ്ട് തീര്‍ച്ചയായിരിക്കുകയാണ്. ബംഗാളിലെ സിംഗൂരില്‍ ഏറെ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ഒരു ലക്ഷം രൂപയുടെ കാര്‍ ഉദ്ദേശിച്ച സമയത്ത് തന്നെ വിപണിയില്‍ എത്തിക്കും എന്ന് ടാറ്റാ മോട്ടേഴ്‌സ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

FILEFILE
ടാറ്റയ്ക്കൊപ്പം മാരുതി സുസുക്കി, ഹ്യുണ്ടായ് ഇന്ത്യ, ഹോണ്ടാ സീല്‍ കാര്‍സ്, ജനറല്‍ മോട്ടേഴ്‌സ് എന്നിവയും 2008 ല്‍ പുതിയ മോഡലുകള്‍ ഇറക്കാനുള്ള തയാറെടുപ്പിലാണ് എന്നറിയുന്നു. ഈ കമ്പനികളില്‍ ചിലര്‍ 2007 ല്‍ വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിച്ചത് ചില കാരണങ്ങളാല്‍ നടക്കാതെ പോയതും 2008 ല്‍ വിപണിയില്‍ എത്തിക്കും.

ടാറ്റാ ഇന്‍ഡിക്കയുടെ പുതിയ തലമുറ കാര്‍, സ്കോഡ ഫാബിയ എന്നിവയും 2008 ല്‍ പ്രതീക്ഷിക്കാം. ഫിയറ്റിന്‍റെ 1.3 മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുള്ള ഇന്‍ഡിക്കയുടെ പുതിയ മോഡല്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണു പ്രതീക്ഷ. മാരുതി സ്വിഫ്റ്റിന്‍റെ ഡീസല്‍ മോഡല്‍ വിപണിയില്‍ മികച്ച നേട്ടം കൈവരിച്ചത് ടാറ്റായ്ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

FILEFILE
ടാറ്റായുടെ തന്നെ പുതിയ ഇന്‍ഡിഗോ മോഡലും 2008 ല്‍ തന്നെ വിപണിയിലെത്തും. ഫിയറ്റിന്‍റെ തന്നെ പാലിയോയുടെ ഡീസല്‍ മോഡലും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ലിനീയ, ഗ്രാന്‍ഡ് പുണ്ടോ എന്നീ രണ്ട് മോഡലുകളിലാണ് പാലിയോ ഡീസല്‍ ഇറങ്ങുക.

ചെക്ക് കാര്‍ കമ്പനിയായ സ്കോഡയും ഫാബിയയുമായി വിപണിയിലെത്തും. 1.2 ലിറ്റര്‍ പെട്രോള്‍ മോഡല്‍, 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ എന്നീ മോഡലുകളിലാണ് ഫാബിയോ വില്‍പ്പനയ്ക്കെത്തുക. ഇവയുടെ വിലയാവട്ടെ 5 ലക്ഷ മുതല്‍ 6.5 ലക്ഷം രൂപ വരെയായിരിക്കും.


FILEFILE
ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രസിദ്ധരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര 2008 ല്‍ 2.2 ലിറ്റര്‍ എഞ്ചിനുള്ള പുതിയ സ്കോര്‍പ്പിയോ 2008 ല്‍ വിപണിയില്‍ ഇറക്കും.

മഹീന്ദ്ര ഫ്രഞ്ച് കമ്പനിയായ റിനോള്‍ട്ടുമായി യോജിച്ച് വിവിധോദ്ദേശ വാഹനമായ ഇഞ്ചീനിയോ 2008 ല്‍ പുറത്തിറക്കാനാണ് തയാറായിരിക്കുന്നത്. 2008 മധ്യത്തോടെ വിപണിയില്‍ എത്തുന്ന ഇഞ്ചീനിയോ നിലവില്‍ വിപണിയിലുള്ള ടയോട്ടയുടെ ഇന്നോവയ്ക്ക് എതിരെയായിരിക്കും മത്സരിക്കേണ്ടിവരിക.

2008 രണ്ടാം പകുതിയിലായിരിക്കും മാരുതി സുസുക്കിയുടെ സ്പ്ലാഷ് പുറത്തിറങ്ങുക. മാരുതിയുടെ ഏറെ പ്രചാരമുള്ള വാഗര്‍ ആറിന്‍റെ പരിഷ്കരിച്ച പതിപ്പാവാം സ്പ്ലാഷ് എന്നും സൂചനയുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും രണ്ട് മോഡലുകളിലാവും സ്പ്ലാഷ് എത്തുക. ഹ്യുണ്ടായ് സാന്‍‌ട്രോയുടെ പുതിയ പതിപ്പായ ‘പാ‘ ആയിരിക്കും സ്പ്ലാഷിന്‍റെ എതിരാളി എന്നു കരുതുന്നു.

FILEFILE
മാരുതിയുടെ ഏറ്റവും അധികം വിറ്റഴിഞ്ഞ മറ്റൊരു മോഡലാണ് സെന്‍. ഇതിന്‍റെ പരിഷ്കരിച്ച പതിപ്പായ എസ്റ്റിലോയും വിപണിയില്‍ എത്താന്‍ അധികം താമസിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനൊപ്പം മാരുതിയുടെ തന്നെ സ്വിഫ്റ്റിന്‍റെ സെഡാന്‍ രൂപാന്തരവും അടുത്തിടെ പുറത്തിറക്കിയ എസ്‌എക്സ് 4 ന്‍റെ ഡീസല്‍ മോഡലും വലിയ താമസമില്ലാതെ തന്നെ വിപണിയിലെത്തുമെന്ന് സൂചനയുണ്ട്.

FILEFILE
ജനറല്‍ മോട്ടേഴ്‌സും ഹ്യുണ്ടായും ഓരോ സ്പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനങള്‍ 2008 ല്‍ പുറത്തിറക്കും. ഇവയുടെ പേരുകള്‍ യഥാക്രമം ഛെവി ക്യാപ്റ്റീവ, ഹ്യുണ്ടായ് സാന്താ ഫെ എന്നിവയാണ്. ഇവ രണ്ടും 2008 ന്‍റെ ആദ്യ പകുതിയില്‍ തന്നെ പുറത്തിറങ്ങിയേക്കും.

ഇവയ്ക്കൊപ്പം ഹോണ്ടാ അക്കോര്‍ഡും എത്തിയേക്കും. പക്ഷെ ഹോണ്ടയുടെ പുതിയ ഹോണ്ടാ സിറ്റി 2008 രണ്ടാം പകുതിയിലായിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചനകള്‍.