പലിശനിരക്ക്‌ വളര്‍ച്ചയെ ബാധിക്കുമെന്ന്‌

Webdunia
തിങ്കള്‍, 30 ജൂലൈ 2007 (13:05 IST)
രാജ്യത്ത്‌ അടുത്തിടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക്‌ ഉയര്‍ത്തിയ നടപടി വീണ്ടും തുടരുന്നത്‌ ഉചിതമല്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രീസ്‌ അഭിപ്രായപ്പെടുന്നു. വര്‍ദ്ധിച്ചതോതിലുള്ള പലിശ നിരക്ക്‌ രാജ്യത്തിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിനെ തടയുമെന്നാണ്‌ സി.ഐ.ഐ പറയുന്നത്‌.

ഉയര്‍ന്ന പലിശ നിരക്കിനൊപ്പം രൂപയുടെ മൂല്യവര്‍ധനയും വിദേശ നിക്ഷേപ ഒഴുക്കിനെ തടയുന്ന ഘടകങ്ങളില്‍ മുഖ്യമായ ഒന്നാണ്‌. ഇത്‌ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും സിഐഐ പറയുന്നു.

ഇതുപോലെ മറ്റൊരു പ്രധാന കാര്യം നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ്‌ ബാങ്ക്‌ ധനനയത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയതാണ്‌. ഇതു കയറ്റുമതിക്കാരുടെ ലാഭത്തിലും രാജ്യത്തുള്ള നിക്ഷേപങ്ങളുടെ നിരക്കിലും കുറവു വരുത്തിയിട്ടുണ്ടെന്ന്‌ സിഐഐ വിശദീകരിക്കുന്നു.

ജൂലൈ 31 - നാണ്‌ റിസര്‍വ്‌ ബാങ്ക്‌ ധനനയം പുതുക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്‌. ധന നയത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു മൂലം ബാങ്കുകളുടെ ആകെ വായ്‌പയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കും ഇതു തടസമാകുമെന്നും സിഐഐ പ്രസ്താവനയില്‍ പറയുന്നു. പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ന്നാല്‍ അതു വിവിധ മേഖലകളിലുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന്‌ നിഗമനത്തിലാണ്‌ സി.ഐ.ഐ.