ചെറുകിട വ്യവസായ മേഖല താഴോട്ട്

ബുധന്‍, 26 ഡിസം‌ബര്‍ 2007 (12:48 IST)
രാജ്യത്തെ ചെറുകിട വ്യവസായ യൂണിറ്റുകളിലെ ഉല്‍പ്പാദനം ഗണ്യമായി കുറയുന്നതായി വ്യവസായ സംഘടനയായ അസോചെം പറയുന്നു. അസോച്ചെം പ്രസിഡന്‍റ് വേണുഗോപാല്‍ എന്‍ ദൂത്ത് വെളിപ്പെടുത്തിയതാണിത്.

രാജ്യത്തെ ചെറുകിട വ്യവസായ യൂണിറ്റുകളിലേതിനേക്കാളും മികച്ചതും ഉയര്‍ന്നതുമായ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം, വ്യാപാര രംഗത്തെ പ്രതിസന്ധികള്‍, മികച്ച ഗുണനിലവാരത്തിനായുള്ള കര്‍ശന നിയമം എന്നിവയ്ക്കൊപ്പം ആഗോള വിപണിയില്‍ നിന്നും വന്‍‌കിട വ്യവസായങ്ങളില്‍ നിന്നുമുള്ള വന്‍ കിടമത്സരവും ഈ രംഗത്തെ പ്രതിസന്ധിക്ക് കാരണമാവുന്നതായി അസോച്ചെം പറയുന്നു.

അസോച്ചെം നടത്തിയ ഒരു പഠനത്തില്‍ ഉല്‍പ്പാദന വര്‍ദ്ധനവും തൊഴില്‍ നല്‍കുന്നതില്‍ ഈ മേഖലയിലെ വളര്‍ച്ചയും യഥാക്രമം അഞ്ച് ശതമാനവും മൂന്നു ശതമാനവുമാണെന്ന് വെളിവായി. ആധുനിക സാങ്കേതിക വിദ്യ ഈ രംഗത്ത് നടപ്പിലാക്കാന്‍ കഴിയാത്തത് ഈ രംഗത്തെ പ്രധാന പോരായ്മകളിലൊന്നാണ്.

2008 ല്‍ ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിയും മറ്റ് മുന്നേറ്റ മേഖലകളും എന്ന വിഷയം സംബന്ധിച്ച അസോച്ചെം പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അടുത്തകാലം വരെ വന്‍ വ്യവസായങ്ങള്‍ക്കും ഇടത്തരം വ്യവസായങ്ങള്‍ക്കും വേണ്ട ഒട്ടേറെ ചെറിയ തോതിലുള്ള വസ്തുക്കളുടെ നിര്‍മ്മാണവും മറ്റ് വസ്തുക്കളും നല്‍കിയിരുന്നത് രാജ്യത്തെ ചെറുകിട വ്യവസായ യൂണിറ്റുകളായിരുന്നു.

എന്നാല്‍ അടുത്തിടെ വിദേശത്ത് നിന്ന് ഈ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കും അതുപോലെ മികച്ച ഗുണനിലവാരത്തിലും യഥേഷ്ടം ഇറക്കുമതി ചെയ്യാമെന്നു വന്നതും ചെറുകിട വ്യവസായ യൂണിറ്റുകളുടെ പ്രാധാന്യത്തിനു മാറ്റുകുറച്ചു.

2006-07 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ചെറുകിട നിര്‍മമാണ യൂണിറ്റുകളുടെ സംഭാവന 45 ശതമാനമായിരുന്നെങ്കില്‍ 2007-08 ല്‍ ഇത് 40 ശതമാനമായും അത് ഭാവിയില്‍ വീണ്ടും കുറഞ്ഞ് 35 ശതമാനത്തില്‍ എത്തുമെന്നുമാണ് പഠനം വെളിവാക്കുന്നത്.

2006-07 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തൊട്ടാകെ 44 ലക്ഷം ചെറുകിട വ്യവസായ യൂണിറ്റുകളാണുണ്ടായിരുന്നത്. ഇവയിലെല്ലാം കൂടി 2.38 കോടി ആളുകളാണ് ജോലി ചെയ്തിരുന്നത്. ഇവയിലെ ഉല്‍പ്പാദനമാവട്ടെ 14 ലക്ഷം കോടി രൂപയുടേതായിരുന്നു എന്നതും ഈ രംഗത്തെ പ്രാ‍ധാന്യം വിളിച്ചോതുന്നു.

എന്നാല്‍ നിലവിലെ പരിതസ്ഥിതിയില്‍ ഇവയുടെ എണ്ണം 40 ലക്ഷത്തിലേക്ക് കുറഞ്ഞതോടെ ഇവയിലെ തൊഴില്‍ അവസരങ്ങള്‍ 2.25 കോടിയായും കുറഞ്ഞു. ഈ രംഗത്തെ ഉല്‍പ്പാദനമാവട്ടെ 12 ലക്ഷം കോടിയുടേതാവുകയും ചെയ്തു എന്ന് ദൂത്ത് പറഞ്ഞു.

ഈ രംഗത്ത് യഥാവിധിയുള്ള നോട്ടക്കുറവിനാല്‍ ഈ രംഗത്തെ കയറ്റുമതി 7 മുതല്‍ 8 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ആഗോള വിപണിയെ അപേക്ഷിച്ച് രാജ്യത്തെ ഇവയിലെ ഉല്‍പ്പന്നങ്ങളുടെ വില 6 മുതല്‍ 7 ശതമാനം വരെ കൂടുതലാണ് എന്നതാണ്.

വെബ്ദുനിയ വായിക്കുക