സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ ഈ രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കയറ്റുമതി വര്‍ദ്ധിക്കുന്നതോടെ തൊഴില്‍ രംഗത്തും ഉണര്‍വ് ഉണ്ടാക്കുക എന്ന ലക്‍ഷ്യമാണ് ഇതിനു പിന്നിലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഒരളവ് കരകയറുക എന്ന ലക്‍ഷ്യത്തോടെ കയറ്റുമതി മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി കമല്‍ നാഥ് സൂചിപ്പിച്ചിരിക്കുന്നത്.
ഇതിന്‍റെ മുന്നോടിയായി വായ്പാ രംഗത്ത് കൂടുതല്‍ ധന ലഭ്യത ഉറപ്പുവരുത്താന്‍ പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കും എന്നാണ് കരുതുന്നത്. കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളെ കരകയറ്റുക എന്ന ലക്‍ഷ്യം മുന്നില്‍ കണ്ട് മറ്റൊരു ധനരക്ഷാ പദ്ധതിക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നതായാണ് സൂചനകള്‍.
ഇപ്പോള്‍ തന്നെ ഭവന വായ്പാ രംഗത്ത് പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ആര്‍.ബി.ഐയും മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ രംഗത്ത് പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കുമെന്നാണ് കരുതുന്നത്.
ഈ രംഗങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കുക എന്ന ലക്‍ഷ്യത്തോടെ ബുധനാഴ്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമല്‍നാഥ്, ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയ എന്നിവരും പങ്കെടുത്തു. വിവിധ നികുതി ഇളവുകള്‍ ഈ രംഗത്ത് നല്‍കാനാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്. ഇതിനൊപ്പം തൊഴില്‍ രംഗത്ത് ഉണര്‍വുണ്ടാകുമെന്നും കരുതുന്നു.
ഭവന നിര്‍മ്മാണ രംഗത്ത് ദേശസാല്‍കൃത ബാങ്കുകള്‍ കുറച്ച പലിശ നിരക്കിന്‍റെ പരിധി 20 ലക്ഷം എന്നത് 30 ലക്ഷം വരെയായി ഉയര്‍ത്താനും ആലോചനയുണ്ട്. അടുത്തിടെയാണ് അഞ്ച് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.5 ശതമാനമായും 20 ലക്ഷം രൂപ വരെയുള്ള ഇത്തരം വായ്പകളുടെ പലിശ നിരക്ക് 9.25 ശതമാനമായും കുറച്ചത്.