ഒളിമ്പിക്സ് മെഡൽ അടക്കം നേടിയ താരങ്ങളുടെ അവസ്ഥ ഇതാണ്, ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്

വെള്ളി, 28 ഏപ്രില്‍ 2023 (15:04 IST)
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ്റെ ലൈംഗികാതിക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിലെത്തി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ താരങ്ങളും സമരത്തിൻ്റെ ഭാഗമായിരിക്കുകയാണ്.
 
ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്രയും രംഗത്തെത്തി. നീതിക്ക് വേണ്ടി അത്ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തെ ഓരോ പൗരൻ്റെയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ സംഭവത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
അതേസമയം സമരം ചെയ്യുന്ന കായികതാരങ്ങൾക്കെതിരെ ഒളിമ്പിക്സ് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ ഇന്നലെ രംഗത്ത് വന്നു. തെരുവിൽ പ്രതിഷേധിക്കുകയല്ല താരങ്ങൾ ഒളിമ്പിക്സ് അസോസിയേഷനെ സമീപിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും പിടി ഉഷ വിമർശിച്ചു. താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും പിടി ഉഷ പറഞ്ഞു. അതേസമയം ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ കായികതാരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് രജിസ്റ്റർ ചെയ്യാൻ സന്നദ്ധമാണെന്ന് ദില്ലി പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ബ്രിജ് ഭൂഷണിനെതിരെ ഇനിയും കേസെടുത്തിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍