ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9:30നാണ് കോടതി വിധി പറയുക. ഒളിമ്പിക്‌സ് പൂര്‍ത്തിയാകും മുന്‍പെ നല്‍കിയ അപ്പീലിലാണ് ഒളിമ്പിക്‌സ് പൂര്‍ത്തിയായ 2 ദിവസം കഴിഞ്ഞ് കോടതി വിധി പറയുന്നത്.
സാങ്കേതിക കാരണങ്ങളാല്‍ വിനീഷിന്റെ അപ്പീല്‍ തള്ളിപോകുമെന്നാണ് കരുതിയതെങ്കിലും ഇന്ത്യന്‍ സംഘത്തിന്റെ സമ്മര്‍ദ്ദവും കോടതിയില്‍ അഭിഭാഷകര്‍ ഉന്നയിച്ച ശക്തമായ വാദങ്ങളും കണക്കിലെടുത്താണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
എങ്കിലും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടാകും വിധിയില്‍ നിര്‍ണായകമാവുക. വാദത്തിനിടെ ഫെഡറേഷന്‍ ആവര്‍ത്തിച്ചത് ഒളിമ്പിക്‌സില്‍ വിനേഷ് മാത്രമല്ല മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിന്റേഷിന് മാത്രമായി ഒരു ഇളവ് അനുവദിക്കാനാവില്ലെന്നുമായിരുന്നു. വിനേഷിന് വെള്ളി നല്‍കുന്നത് അസാധ്യമാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.