യുഎസ് ഓപ്പണില്‍ അട്ടിമറി തുടരുന്നു; മുന്‍ ചാമ്പ്യന്‍ നഡാല്‍ പുറത്ത്

ശനി, 5 സെപ്‌റ്റംബര്‍ 2015 (14:17 IST)
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വീണ്ടും അട്ടിമറി. മുന്‍ ചാമ്പ്യന്‍ സ്പെയിന്റെ റാഫേല്‍ നഡാല്‍ മൂന്നാം റൌണ്ടില്‍ തോറ്റു പുറത്തായി. ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയാണ് മുന്‍ ചാമ്പ്യനെ അട്ടിമറിച്ചത്. അഞ്ചു സെറ്റു നീണ്ട മത്സരത്തിലെ ആദ്യ രണ്ടു സെറ്റു നേടിയ ശേഷമാണ് നദാല്‍ മത്സരം കൈവിട്ടത്. സ്കോര്‍ 3-6, 4-6, 6-4, 6-3, 6-4.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ നദാല്‍ ഇതാദ്യമായാണ് മൂന്നാം റൗണ്ടില്‍ പുറത്താവുന്നത്. ജയത്തോടെ യുഎസ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന ബഹുമതി ഫോര്‍ഗ്നിനി സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിലും ഓസ്ട്രേലിയന്‍ ഓപ്പണിലും ക്വാര്‍ട്ടറില്‍ പുറത്തായ നഡാല്‍ വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ഇതോടെ ഈ വര്‍ഷം ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടാനാവാതെയാണ് 14 ഗ്രാന്‍സ്ലാം നേടിയിട്ടുള്ള നഡാല്‍ സീസണ്‍ അവസാനിപ്പിക്കുന്നത്.

മുന്‍നിര താരങ്ങളായ ഡേവിഡ് ഫെററും അഗ്‌നിയേസ്‌ക്ക റഡ്വാന്‍സ്‌ക്കയും ടോമി റോബ്രഡോയുമെല്ലാം അട്ടിമറിയുടെ ചൂടറിഞ്ഞു കഴിഞ്ഞു. നിലവിലെ ചാമ്പ്യന്‍ സെറീന വില്ല്യംസാവട്ടെ അട്ടിറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് നാലാം റൗണ്ടിലേയ്ക്ക് മുന്നേറിയത്.

ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനും നാലാം റൗണ്ടിലെത്താന്‍ നന്നായി തന്നെ വിയര്‍ക്കേണ്ടിവന്നു. സെറീനയുടെ സഹോദരി വീനസും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ മാരിന്‍ സിലിച്ചും നാലാം റൗണ്ടിലേയ്ക്ക് മുന്നേറി.

ഒന്നാം സെറ്റ് കൈവിട്ട് വിറച്ചശേഷമാണ് ചരിത്രം കുറിക്കാനെത്തിയ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെറീന വില്ല്യംസ് നാട്ടുകാരിയായ ബെഥാനി മാറ്റെക് സാന്‍ഡ്‌സിനെ മറികടന്നത്. സ്‌കോര്‍: 3-6, 7-5, 6-0. സഹോദരി വീനസിന് പക്ഷേ, അത്ര വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. ഇരുപത്തിമൂന്നാം സീഡായ വീനസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിസ്താരം ബെല്ലിന്‍ഡ് ബെസിച്ചിനെ തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-4.

അട്ടിമറി നേരിട്ട മറ്റൊരു മുന്‍നിരതാരം ഇരുപത്തിയാറാം സീഡ് സ്‌പെയിനിന്റെ ടോമി റോബ്രെഡോയെ ഫ്രാന്‍സിന്റെ സീഡില്ലാതാരം ബെനോള്‍ട്ട് പാല്‍ട്രെ അട്ടിമറിച്ചു (7-6, 6-1, 6-1). പോളിഷ് താരം പതിനഞ്ചാം സീഡ് അഗ്‌നിയേസ്‌ക്ക റഡ്വാന്‍സ്‌ക്കയെ പത്തൊന്‍പതാം സീഡും യു.എസ്. താരവുമായ മാഡിസണ്‍ കൈയ്‌സാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചത്. സ്‌കോര്‍: 6-3, 6-2. ).

വെബ്ദുനിയ വായിക്കുക