Virat Kohli: 'എല്ലാം പതിവുപോലെ'; ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് രക്ഷപ്പെട്ട കോലി ഓഫ് സൈഡ് ട്രാപ്പില്‍ വീണു !

രേണുക വേണു

വെള്ളി, 3 ജനുവരി 2025 (08:42 IST)
Virat Kohli

Virat Kohli: സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോലി 17 റണ്‍സിനു പുറത്ത്. 69 പന്തുകള്‍ നേരിട്ട കോലി ഒരു ബൗണ്ടറി പോലും നേടാതെയാണ് ഇത്തവണ കൂടാരം കയറിയത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്യൂ വെബ്സ്റ്ററിനു ക്യാച്ച് നല്‍കിയാണ് കോലിയുടെ പുറത്താകല്‍. 
 
ഔട്ട്‌സൈഡ് ഓഫ് ബോളില്‍ തന്നെയാണ് ഇത്തവണയും കോലി ഔട്ടായത്. ലീവ് ചെയ്യേണ്ടിയിരുന്ന ബോളില്‍ കോലി ബാറ്റ് വയ്ക്കുകയായിരുന്നു. പരമ്പരയില്‍ ഉടനീളം കോലിക്ക് ഓഫ് സൈഡ് ട്രാപ്പ് ഒരുക്കിയ ഓസ്‌ട്രേലിയ സിഡ്‌നിയിലും അത് ആവര്‍ത്തിച്ചു. കോലിയുടെ ദൗര്‍ബല്യം മനസിലാക്കിയ ബോളണ്ട് തുടര്‍ച്ചയായി ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞു. ആദ്യമൊക്കെ ക്ഷമയോടെ ലീവ് ചെയ്‌തെങ്കിലും ക്രീസില്‍ നിന്ന് അല്‍പ്പം പുറത്തിറങ്ങി കളിക്കാന്‍ ശ്രമിച്ച കോലിക്ക് പിഴയ്ക്കുകയായിരുന്നു. 
 
ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ കോലി പുറത്താകേണ്ടതായിരുന്നു. സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ നിന്ന് തെറിച്ച പന്ത് മര്‍നസ് ലബുഷെയ്ന്‍ ക്യാച്ചെടുത്തതാണ്. സ്‌കോട്ട് ബോളണ്ടിന്റെ ഓവറില്‍ തന്നെയായിരുന്നു സംഭവം. ഔട്ടാണെന്നു കരുതി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി. എന്നാല്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ പന്ത് തട്ടിയതിനൊപ്പം ഗ്രൗണ്ടിലും സ്പര്‍ശിച്ചതായി റിവ്യുവില്‍ വ്യക്തമാകുകയായിരുന്നു. 
 
പെര്‍ത്തിലെ സെഞ്ചുറി ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ മോശം പ്രകടനമാണ് കോലി ഇതുവരെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നടത്തിയിരിക്കുന്നത്. 5, 100, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ കോലിയുടെ വ്യക്തിഗത സ്‌കോറുകള്‍. എട്ട് ഇന്നിങ്സുകളില്‍ നിന്നായി 23 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് കോലി സ്‌കോര്‍ ചെയ്തിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍