പ്രമുഖ സ്പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ രാജഗോപാല്‍ അന്തരിച്ചു

ചൊവ്വ, 7 ജൂലൈ 2015 (11:29 IST)
പ്രമുഖ സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകന്‍ വി രാജഗോപാല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരുന്ന രാജഗോപാല്‍ കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കൊച്ചിയിലെ പി വി എസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 
അഞ്ച് ഒളിംപിക്‌സും ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിംപിക്‌സും മാതൃഭൂമിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജഗോപാല്‍ 2013ലായിരുന്നു മാതൃഭൂമിയില്‍ നിന്ന് വിരമിച്ചത്. ഏറെക്കാലം മാതൃഭൂമിയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
 
ദീര്‍ഘകാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒളിംപ്യന്‍ എന്ന പേരില്‍ സ്‌പോര്‍ട്‌സ് കോളം കൈകാര്യം ചെയ്തിരുന്നു. പ്രമുഖ അന്താരാഷ്‌ട്ര സ്‌പോര്‍ട്‌സ് അവാര്‍ഡായ ലോറസിന്റെ അന്താരാഷ്‌ട്ര സെലക്ഷന്‍ പാനലില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വര്‍ഷം അംഗമായിരുന്നു.
 
പി ടി ഉഷയെക്കുറിച്ചുള്ള ഒരേ ഒരു ഉഷ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക